
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. പതിനൊന്ന് മണിയോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മിഷണർ അറിയിച്ചു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിനെ സഹായിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി വിധിയുള്ളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.
വിദേശത്തെ ഒരു മാസത്തിലേറെ നീണ്ട ഒളിവ് ജീവിതത്തിന് ശേഷം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നടൻ കൊച്ചിയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ നിന്ന് ആദ്യം ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലേക്കാണ് പോയത്.
ക്ഷേത്ര ദർശനത്തിന് ശേഷം നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.