
ചെന്നൈ: രാജസ്ഥാനിൽ നിന്ന് വാങ്ങിയ ഒട്ടകത്തെ ഉപയോഗിച്ച് തമിഴ്നാട്ടിൽ മണൽ കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ശിവഗംഗ ബല്ലാക്കോട്ടൈ സ്വദേശി ശരവണൻ(52) ആണ് അറസ്റ്റിലായത്. ശിവഗംഗ ജില്ലയിലെ പുഴകളിൽ നിന്ന് ഇയാൾ ഒട്ടകത്തെ ഉപയോഗിച്ച് അനധികൃതമായി മണൽ കടത്തിയെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാത്രി ശിവഗംഗയ്ക്ക് സമീപം മറവമംഗലം ബസ് സ്റ്റാൻഡിൽ പൊലീസ് റോന്ത് ചുറ്റുന്നതിനിടെയാണ് ഒട്ടകത്തെ മിനിലോറിയിൽ കെട്ടിയിരിക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധന നടത്തിയപ്പോൾ സമീപത്ത് നിന്നും മണൽ വാരാൻ ഉപയോഗിക്കുന്ന സാമഗ്രികൾ കണ്ടു. ലോറികളിലും ടിപ്പറുകളിലും മണൽ കടത്തുന്നത് പിടിക്കപ്പെടുമെന്ന് ഭയന്നാണ് ഏതാനും മാസം മുമ്പ് രാജസ്ഥാനിൽ നിന്ന് ഒട്ടകത്തെ വാങ്ങിയതെന്നും ചോദ്യംചെയ്യലിനിടെ ശരവണൻ പറഞ്ഞു.