
ഭൂമിയെ ആക്രമിച്ച് കീഴടക്കാൻ വരുന്ന അന്യഗ്രജീവികളുടെ കഥകൾ പല ചിത്രങ്ങളിലും നാം കണ്ടിട്ടുണ്ട്. പ്രശസ്തമായ ഹോളിവുഡ് ഫ്രാഞ്ചൈസിയായ മാർവെൽ അവഞ്ചേഴ്സിന്റെ ആദ്യ ചിത്രത്തിലെ ന്യൂ യോർക്ക് ബാറ്റിൽ സീൻ ലോകത്തിലെ ഏറ്റവും ആസ്വാദകരുള്ള സീനുകളിൽ ഒന്നാണ്. അന്യഗ്രഹത്തിൽ നിന്നുള്ള ലോകിയും ചിതൗരി സൈന്യവും ചേർന്ന് ലോകത്തെ കീഴടക്കാൻ വരുന്നതും ആ യുദ്ധത്തെ സൂപ്പർ ഹീറോകളുടെ സംഘമായ അവഞ്ചേഴ്സ് പൊരുതി തോൽപ്പിക്കുന്നതുമാണ് ആ ഭാഗം. എന്നാൽ വൈകാതെ തന്നെ ഇതൊക്കെ സത്യമാകുമെന്നാണ് കരുതുന്നത്.
നമ്മുടെ ആകാശഗംഗയിൽ ഭൂമിയെ ആക്രമിക്കാൻ സാദ്ധ്യതയുള്ള നാലോളം അന്യഗ്രഹ ജീവിസമൂഹമുണ്ടെന്നും അവ ഭൂമിയെ ആക്രമിച്ച് അവരുടെ അധീനതയിലാക്കുമെന്നാണ് സ്പെയിനിലെ വിഗോ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥി ആൽബെർട്ടോ കബല്ലെറോ തന്റെ പഠനത്തിൽ പറയുന്നത്. ക്ഷുദ്രകരമായ അന്യഗ്രഹ ജീവി സമൂഹത്തിന്റെ വ്യാപനം കണക്കാക്കുന്നു എന്ന തന്റെ ഗവേഷണ പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

1977 ൽ ഭൂമിയ്ക്ക് പുറത്തുനിന്ന് ഒരു റേഡിയോ സന്ദേശം നമുക്ക് ലഭിച്ചതായി അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ ബിഗ് ഇയർ ടെലിസ്കോപ്പിലാണ് ഈ സന്ദേശം ലഭിച്ചത്. ഒരു മിനിറ്റും 12 സെക്കൻഡും ദൈർഘ്യമുണ്ടായിരുന്ന ഈ റേഡിയോ സന്ദേശത്തിൽ ഒരു ആൽഫാ ന്യൂമെറിക് കോഡ് അടങ്ങിയിരിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിനെ വൗവ് സിഗ്നൽ എന്നാണ് അതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്. 1977 ലാണ് ഈ സന്ദേശം ലഭിച്ചതെങ്കിലും ശാസ്ത്രജ്ഞർ ഇത് പുറത്തുവിട്ടിരുന്നില്ല. ഭൂമിയ്ക്ക് പുറത്തു നിന്ന് വന്ന ഈ സന്ദേശം അയച്ചത് ഏതെങ്കിലും അന്യഗ്രഹ ജീവികൾ തന്നെ ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്.
പതിറ്റാണ്ടുകളായി ഈ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ശാസ്ത്രജ്ഞർ പരിശ്രമിക്കുകയാണ്. എന്നാൽ വ്യക്തമായ ഒരു ചിത്രം ഇതുവരെ ലഭിച്ചിരുല്ല.എന്നാൽ ഈ സന്ദേശത്തിന്റെ ഉറവിടവും താൻ കണ്ടെത്തിയതായി ആൽബെർട്ടോ അവകാശപ്പെടുന്നു. ഇത് ഭൂമിയിൽ നിന്ന് 1,800 പ്രകാശവർഷം അകലെയുള്ള സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നാണ് ആൽബെർട്ടോ വ്യക്തമാക്കുന്നത്.

അന്യഗ്രഹ ജീവികളെ കണ്ടെത്താനായി നമ്മുടെ ശാസ്ത്രജ്ഞരും ഭൂമിയ്ക്ക് പുറത്തേയ്ക്ക് സന്ദേശങ്ങൾ അയക്കാറുണ്ട്. ഗാലക്സി ബീക്കൺ എന്നാണ് അവയെ വിളിക്കുന്നത്. ഈ ബീക്കൺ ഭൂമിയിലെ മനുഷ്യനും അന്യഗ്രഹ ജീവികളും തമ്മിലുള്ള ആശയവിനിമയത്തിനായി ഒരു ചാനൽ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ ഇത്തരം സന്ദേശങ്ങൾ ആപത്തിനെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ആൽബെർട്ടോ തന്റെ പ്രബന്ധത്തിലൂടെ നൽകുന്നു. ഈ സന്ദേശങ്ങളെ പിന്തുടർന്ന് ഭൂമിയെ സമീപിക്കാൻ സാദ്ധ്യതയുള്ള അന്യഗ്രഹജീവി സമൂഹങ്ങൾ എത്രയായിരിക്കുമെന്ന എണ്ണം കണ്ടെത്തുകയാണ് പഠനത്തന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ ഏകദേശം നാല് സമൂഹങ്ങൾ എത്തിച്ചേരാൻ ഇടയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

അന്യഗ്രഹ ജീവികളുടെ ആക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ ഇത്തരം സന്ദേശങ്ങൾ അയക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആൽബെർട്ടോ ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പ് നൽകുന്നത്. ഒരു ഛിന്നഗ്രഹം ഭൂമിയിൽ ഇടിയ്ക്കുമ്പോൾ എത്രത്തോളം മനുഷ്യ ജീവനുകൾ ഇവിടെ നിന്ന് തുടച്ചുനീക്കപ്പെടുന്നുവോ അത്രയും തന്നെ മനുഷ്യർ അന്യഗ്രഹജീവികളുടെ ആക്രമണത്താൽ കൊല്ലപ്പെടുമെന്നാണ് പഠനത്തിൽ പറയുന്നത്. ഏകദേശം 10 ദശലക്ഷം വർഷത്തിനുള്ളിൽ മാത്രമേ ഇത്തരമൊരു സംഭവം നടക്കാൻ സാദ്ധ്യതയുള്ളു എന്നും അതിനാൽ തന്നെ ഇപ്പോഴുള്ള മനുഷ്യർ സുരക്ഷിതരായിരിക്കുമെന്നും ആൽബെർട്ടോ പറയുന്നു.
ബഹിരാകാശത്തേക്ക് സന്ദേശമയക്കുന്നത് അത്ര സുരക്ഷിതമല്ല. അക്കാര്യത്തിൽ ശാസ്ത്രജ്ഞർ ജാഗ്രത പാലിക്കണം. അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യത്തെ പറ്റി കൂടുതൽ തെളിവുകളും മറ്റും അമേരിക്കൻ ഏജൻസികൾ പുറത്തുവിടുന്ന സാഹചര്യത്തിൽ ഈ പഠനത്തിന് പ്രാധാന്യമുണ്ടെന്നും ആൽബെർട്ടോ വ്യക്തമാക്കി.