
കൊൽക്കത്ത: പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെ.കെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരോടും ഹോട്ടല്‍ ജീവനക്കാരോടും പൊലീസ് സംസാരിച്ചു.
കെ.കെയുടെ മരണത്തിൽ സംഗീത പരിപാടി സംഘടിപ്പിച്ചവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആളുകളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഒരു ജീവനക്കാരൻ ഫയർ എക്‌സ്റ്റിൻഗ്യൂഷണർ ഉപയോഗിക്കുന്നതിന്റെ വീഡിയോ വെെറലാവുകയാണ്.
ഷോ നടക്കുമ്പോൾ പാസുകളില്ലാത്ത നിരവധി കെ.കെ ആരാധകർ വേദിയിലേക്ക് പ്രവേശിക്കാൻ ഓഡിറ്റോറിയത്തിന് പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. ആളുകൾ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് ജീവനക്കാരൻ അഗ്നി ശമനികൾ (ഫയർ എക്‌സ്റ്റിൻഗ്യൂഷണർ) ജനങ്ങളുടെ നേർക്ക് പ്രയോഗിച്ചത്. ഇതോടെ ആളുകൾ ചിതറിയോടുന്നത് വീഡിയോയിൽ കാണാം.

കൊല്‍ക്കത്ത സ്വദേശിയായ ഗായകന്‍ പീറ്റര്‍ ഗോമസ് നേരത്തെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പരിപാടി സംഘടിപ്പിച്ചവരെ വിമർശിച്ച് എത്തിയിരുന്നു. ഒരു ചെറിയ ഹാളിൽ ഉള്‍ക്കൊള്ളാവുന്നതിന്റെ നാലിരട്ടി ആളുകള്‍ പരിപാടിയിൽ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ക്രമീകരണങ്ങളിലൊന്നും സംഘാടകര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഹാളിലെ എ.സി സംഘാടകര്‍ ഓഫ് ചെയ്‌തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിയുടെ കാണികളായ ഞങ്ങള്‍ക്കുപോലും ചൂടും വിയര്‍പ്പും കാരണം അവിടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പീറ്റര്‍ ഗോമസ് ചൂണ്ടിക്കാട്ടി.

'പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നും കെ.കെ പറഞ്ഞിരുന്നു. ടവല്‍ കൊണ്ട് പലതവണ വിയർപ്പ് അദ്ദേഹം ഒപ്പി. ഒരുപാട് വെള്ളം കുടിച്ചു. ചൂട് കാരണം അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ സ്റ്റേജില്‍ ആവശ്യത്തിന് സ്ഥലമില്ലായിരുന്നു. വായു സഞ്ചാരത്തിനു വേണ്ട സ്ഥലം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ അവസ്ഥയിലും അദ്ദേഹം പെര്‍ഫോം ചെയ്‌തു' - പീറ്റർ കുറിച്ചു.
അധികൃതരെ കുറ്റപ്പെടുത്തി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷും രംഗത്തെത്തി. ഇത് പോലുള്ള പരിപാടികളിൽ സെലിബ്രിറ്റികൾക്ക് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദിയിലെ ചൂടിനെക്കുറിച്ച് ഗായകൻ കെെ കൊണ്ട് ആംഗ്യം കാണിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
