
ഗർഭിണിയായിരിക്കെ തന്നെ വീണ്ടും ഗർഭം ധരിക്കാൻ പറ്റുമോ? ഇല്ലെന്ന് പറയാൻ വരട്ടെ. അമേരിക്കക്കാരിയായ കെയ്ര വിൻഹോൽഡ് എന്ന മുപ്പതുകാരിയ്ക്ക് അത്തരത്തിലൊരു അത്ഭുതം സംഭവിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിൻഹോൾഡ് ഗർഭിണിയായത്. ഒരു മാസത്തിനുശേഷം നടത്തിയ പരിശോധനയിൽ യുവതി വീണ്ടും ഗർഭിണിയാണെന്ന് കണ്ടെത്തി. ഗർഭിണിയായിരിക്കെ വീണ്ടും ഗർഭിണിയാകുന്ന ഈ മെഡിക്കൽ അവസ്ഥയെ സൂപ്പർ ഫെറ്റേഷൻ(superfetation) എന്നാണ് വിളിക്കുന്നത്. യുവതിക്ക് രണ്ട് ആൺകുട്ടികളാണ് ജനിച്ചത്. ആറ് മിനിട്ട് വ്യത്യാസത്തിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'എന്താണ് സംഭവിച്ചതെന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. രണ്ടുതവണ അണ്ഡോത്പാദനം നടക്കുകയും ഒരാഴ്ചയ്ക്കിടെ വ്യത്യസ്ത സമയങ്ങളിൽ ബീജസങ്കലനം നടക്കുകയും ചെയ്‌തെന്ന് ഡോക്ടർമാർ പറഞ്ഞു. എന്റെ ഗർഭകാലത്ത് സംഭവിച്ചതെല്ലാം അത്ഭുതമാണെന്ന് ഞാൻ വിശ്വസിക്കുന്നു'.-വിൻഹോൾഡ് പറഞ്ഞു.
വിൻഹോൾഡിനും ഭർത്താവിനും 2018ലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. ഇതിനുശേഷം മൂന്ന് തവണ അബോർഷനായി. കൂടുതൽ കുട്ടികൾ വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും താൻ വളരെ ശുഭാപ്തിവിശ്വാസിയാണെന്നും യുവതി വ്യക്തമാക്കി.