
എറണാകുളം: കൊച്ചിയിലെ സ്വകാര്യ ബസുകൾക്ക് നിർദേശങ്ങളുമായി ഹൈക്കോടതി. നഗര പരിധിയിൽ ഹോണടിക്കരുത്, ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്ന് കോടതി നിർദേശിച്ചു.
ഓവർടേക്കിംഗ് കർശനമായി നിരോധിക്കണം. സ്വകാര്യ ബസുകൾ റോഡ് നിറഞ്ഞ് ഓടിക്കുന്നത് മൂലം ട്രാഫിക് കുരുക്കുകളുണ്ടാകുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റോഡ് നിറഞ്ഞ് ബസുകൾ ഓടിക്കുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സമാനമായ രീതിയിൽ ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങൾക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷകൾ അനുമതിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. തോന്നുന്നിടത്തു നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.