
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ഇരുപത്തായ്യിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സാദ്ധ്യതയുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ. നോർമലായിട്ടുള്ള മത്സരമാണ് നടക്കുന്നതെങ്കിൽ ഉമ തോമസ് ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. എന്നാൽ അട്ടിമറിക്കുള്ള സാദ്ധ്യത മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ടെന്നും ജയശങ്കർ വിശദീകരിക്കുന്നു.
'ബിജെപിയ‌്ക്ക് കഴിഞ്ഞ തവണത്തെ വോട്ടെങ്കിലും നിലനിറുത്താൻ കഴിഞ്ഞാൽ അതുതന്നെ വലിയ കാര്യം. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ മേൽകൈ അവർക്കുണ്ട്. നോർമലായിട്ടുള്ള മത്സരമാണ് നടക്കുന്നതെങ്കിൽ ഉമ തോമസ് ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. കാരണം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം. പിന്നൊന്നുള്ളത് പരമ്പരാഗതമായ യുഡിഎഫ് മണ്ഡലമാണ് തൃക്കാക്കര എന്നുള്ളതാണ്. പിടി തോമസ് മരിച്ചതിന് ശേഷം നടക്കുന്ന ഇമോഷണലായിട്ടുള്ള ഉപതിരഞ്ഞെടുപ്പ് മറ്റൊരു കാരണം. ഇതൊക്കെ പരിഗണിച്ചാൽ ഉമ തോമസ് ഇരുപത്തയ്യായിരം വോട്ടിനെങ്കിലും ജയിക്കണം.
പക്ഷേ മറ്റൊരു കാര്യമുണ്ട്. തൃക്കാക്കര മണ്ഡലത്തിൽ പിണറായി വിജയനും 20 മന്ത്രിമാരും 60 എംഎൽഎമാരും ക്യാമ്പ് ചെയ്‌ത് നടത്തിയ പ്രവർത്തനം. അങ്ങനെയുള്ള ക്യാമ്പയിനിംഗിന് വലിയ ഇംപാക്‌ടുണ്ട്. ഒരു മന്ത്രി നമ്മുടെ വീട്ടിൽ വന്ന് നിങ്ങൾക്കെന്താണ് വേണ്ടത്, വൈദ്യുതി വേണോ? റോഡ് നന്നാക്കി തരണോ? ഹൈ മാസ‌്‌റ്റ് ലൈറ്റ് വേണോ എന്നാക്കെ ചോദിക്കുമ്പോൾ വലിയ ഇംപാക്‌ടുണ്ട്.
അരുവിക്കരയിലും പിറവത്തും ഉമ്മൻ ചാണ്ടി ഇത് വിപരീത ദിശയിൽ ചെയ‌്തിട്ടുണ്ട്. മാത്രമല്ല, നായന്മാരുടെ വീട്ടിൽ നായർ മന്ത്രിയും ഈഴവരുടെ വീട്ടിൽ ഈഴവ മന്ത്രിയും, പണക്കാരുടെ വീട്ടിൽ മുഹമ്മദ് റിയാസ്, സാധാരണക്കാരുടെ വീട്ടിൽ അബ്‌ദു റഹിമാനും അഹമ്മദ് ദേവർകോവിലും ഓട്ടോറക്ഷ ഓടിക്കുന്നവരുടെ വീട്ടിൽ എ.എൻ ഷംസീറുമാണ് ക്യാംമ്പയിനിംഗ് നടത്തിയത്. ഇത് വർക്കൗട്ട് ചെയ്യുകയാണെങ്കിൽ അട്ടിമറിക്കുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല'.