
ന്യൂഡല്‍ഹി: മാസ്‌കും ഹെല്‍മെറ്റും ധരിക്കാതെ നിയമം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഗ്‌വിയാണ് പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ് പൊലീസെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയം സർക്കുലറുകൾ പുറത്തിറക്കിയിട്ടും കൊവിഡ് -19 മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയും നടപ്പിലാക്കാതിരിക്കുകയും ചെയ്‌തതിന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഷാലെൻ ഭരദ്വാജ് നൽകിയ അപ്പീലിലാണ് നടപടി.
ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള നിരവധി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഡല്‍ഹി പൊലീസിലെ ആരെങ്കിലും ഡ്യൂട്ടിസമയത്ത് മാസ്‌ക് ധരിക്കാതിരിക്കുകയോ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാൻ കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്.