masked-aadhaar

ആധാർ കാർഡിലെ വിവരങ്ങൾ പങ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് പുറത്തിറക്കുകയും പിന്നാലെ അത് പിൻവലിക്കുകയും ചെയ്തിരുന്നു. ആധാർ രേഖകൾ മറ്റ് വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുന്നെങ്കിൽ അതിന്റെ മാസ്‌ക്ഡ് കോപ്പികൾ ഉപയോഗിക്കണമെന്നതായിരുന്നു നിർദേശം. മുന്നറിയിപ്പിൽ തെറ്റായ വ്യാഖ്യാനമുണ്ടാകാനുള‌ള സാദ്ധ്യത മുന്നിൽകണ്ടാണ് അറിയിപ്പ് മന്ത്രാലയം പിൻവലിച്ചത്.

ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിച്ച ശേഷം ബാക്കി അക്കങ്ങൾ മായ്ക്കുന്ന രീതിയാണ് സുരക്ഷിതമെന്നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ കഴിയുകയുള്ളുവെന്നുമാണ് അറിയിപ്പിലുണ്ടായിരുന്നത്.

ആധാർ കാർഡില നമ്പരും, ക്യു ആർ കോ‌ഡും മറ്റ് വിവരങ്ങളും പൊതുവായി പ്രദർശിപ്പിക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗത്തിന് ഇട വന്നേക്കാം. അതിനാൽ മാസ്ക്ഡ് കോപ്പി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം. ഇത്തരത്തിൽ മാസ്ക്ഡ് കോപ്പി ഉപയോഗിക്കാൻ നാം കൃത്രിമമായി ഒന്നും ചെയ്യേണ്ടതില്ല. യു ഐ ഡി എ ഐ തന്നെ മാസ്ക്ഡ് ആധാർ എന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ മാസ്ക്ഡ് കാർഡ് എങ്ങനെ നേടാമെന്നുള്ള കാര്യം പലർക്കും അറിയില്ല.

masked-aadhaar

കാർഡിലെ ആദ്യത്തെ എട്ട് അക്കങ്ങൾ മറച്ചുവയ്ക്കുകയും അവസാനത്തെ നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള കാർഡിന്റെ പതിപ്പ് നമുക്ക് തന്നെ ആതോറിട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കും. സർക്കാർ സേവനങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അവസാനത്തെ നാലക്കം മാത്രമേ ആവശ്യം വരികയുള്ളു. ഈ അക്കങ്ങൾ രേഖപ്പെടുത്തുമ്പോൾ തന്നെ സർക്കാർ വെബ്സൈറ്റുകൾക്ക് വ്യക്തിയുടെ വിവരങ്ങൾ ലഭിക്കും. അതുപോലെ തന്നെ അക്ഷയ പോലുള്ള സ്ഥാപനങ്ങളിൽ അംഗീകൃത യൂസർ ലൈസൻസ് ഉണ്ടെങ്കിൽ അവർക്കും ഈ നാലക്കം ഉപയോഗിച്ച് വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും. അതിനാൽ തന്നെ മാസ്ക് ചെയ്ത കോപ്പി ഉപയോഗിക്കുന്നത് സ്വകാര്യ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ സഹായകമായിരിക്കും.

മാസ്ക് ചെയ്ത പതിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

1. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. ലോഗിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

masked-aadhaar

3. ആധാർ കാർഡ് നമ്പർ, സ്ക്രീനിൽ തെളിഞ്ഞിരിക്കുന്ന കാപ്ചെ എന്നിവ അതാത് സ്ഥാനങ്ങളിൽ ടൈപ്പ് ചെയ്യുക

4. തുടർന്ന് സെൻഡ് ഒ ടി പി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

5. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിൽ ലഭിച്ച ഒ ടി പി ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക

6. തുടർന്ന് സർവീസസ് എന്ന വിഭാഗത്തിൽ നിന്നും ഡൗൺലോഡ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

7. ഇപ്പോൾ സ്ക്രീനിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ തെളിയും. അതിന് മുകളിലുള്ള ഡു യു വാണ്ട് മാസ്ക്ഡ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

8. ആ ഭാഗത്ത് ഒരു ടിക്ക് മാർക്ക് തെളിഞ്ഞ ശേഷം ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

9. ഇപ്പോൾ ആധാറിന്റെ മാസ്ക് ചെയ്ത പതിപ്പിന്റെ പി ഡി എഫ് ഫോർമാറ്റിൽ ഉള്ള ഫയൽ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും. ഈ ഫയൽ തുറക്കണമെങ്കിൽ ഒരു പാസ്‌വേഡ് നൽകേണ്ടി വരും. നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്ഷരവും (കാപ്പിറ്റൽ), ജനന വർഷവും ചേരുന്നതാണ് നിങ്ങളുടെ പാസ്‌വേഡ്.

masked-aadhaar

ഉദാഹരണത്തിന് 1989 ൽ ജനിച്ച നിങ്ങളുടെ പേര് ANISH KUMAR എന്നാണ് എങ്കിൽ ANIS1989 എന്നതായിരിക്കും നിങ്ങളുടെ പാസ്‌വേഡ്.

10. പാസ്‌വേഡ് ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ആധാറിന്റെ മാസ്ക് ചെയ്ത പതിപ്പ് തുറക്കാം.

ഓരോ തവണ ഫയൽ ഓപ്പൺ ചെയ്യണമെങ്കിലും ഈ പാസ്‌വേഡ് ആവശ്യമാണ് എന്ന കാര്യവും മറക്കരുത്.

ആധാറിലെ എട്ടക്ക നമ്പറിന്റെ സഥാനത്ത് ആദ്യത്തെ എട്ടക്കങ്ങളുടെ സ്ഥാനത്ത് X എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. ബാക്കിയെല്ലാ വിവരങ്ങളും പഴയ പടി തന്നെ ആയിരിക്കും.

ആധാർ കാർഡ് സാധാരണ ഗതിയിൽ ഡൗൺലോഡ് ചെയ്യുന്നതും ഇതേ വഴി തന്നെയാണ്.