uae

യു.എ.ഇയിലും പെട്രോൾ വിലയിൽ വർദ്ധനവ്. മേയ് മാസത്തെ അപേക്ഷിച്ച് 50 ഫിൽസിന്റെ (100 ഫിൽസ് = 1 ദിർഹം = 21.11 ഇന്ത്യൻ രൂപ ) വർ‌ദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഏപ്രിൽ മാസം പെട്രോൾ വിലയിൽ കുതിപ്പുണ്ടായെങ്കിലും മേയിൽ ഇടിഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും വർദ്ധനവുണ്ടായിരിക്കുന്നത്.

ഓടിക്കുന്ന വാഹനത്തിന്റെ കപ്പാസിറ്റി അനുസരിച്ച്, ജൂണിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് മേയ് മാസത്തെ അപേക്ഷിച്ച് 24 ദിർഹത്തിനും 35 ദിർഹത്തിനും ഇടയിൽ വർദ്ധനവുണ്ടാകും. എല്ലാ മാസത്തിന്റെയും അവസാന ആഴ്‌ചയിൽ യു.എ.ഇയിൽ ഇന്ധന വിലയിൽ എന്തുമാറ്റമുണ്ടായി എന്ന് ഊർജ മന്ത്രാലയം പുറത്തുവിടാറുണ്ട്.

uae

യുക്രെയിൻ - റഷ്യ പ്രതിസന്ധിയ്ക്ക് പിന്നാലെ പെട്രോൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പടെ വില വർദ്ധിക്കുകയാണ്. ഇന്ത്യയിൽ കുറച്ച് ദിവസം മുൻപ് കേന്ദ്രം നികുതി കുറച്ചുവെങ്കിലും പലയിടത്തും 100 മുതൽ 110 എന്ന നിരക്കിലാണുള്ളത്.

കേരളത്തിൽ 110ന് താഴെയാണ് പെട്രോൾ വില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 108.00 രൂപയും ഡീസലിനു 96.79 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.09 രൂപയും ഡീസലിനു 94.53 രൂപയുമാണ്.

ശ്രീലങ്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലും പെട്രോൾ വില കുതിച്ചുയരുകയാണ്. സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന പാകിസ്ഥാനിൽ സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിക്കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ഈയടുത്ത് മുപ്പത് രൂപ വർദ്ധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയുടെ മാ‌‌ർഗം പിന്തുടർന്ന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ എണ്ണ വാങ്ങാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. യുക്രെയിനിൽ ആക്രമണം നടത്തിയതോടെ റഷ്യയ്ക്കുമേൽ അമേരിക്ക ഉൾപ്പടെയുള്ള പല രാജ്യങ്ങളും ഉപരോധം കർശനമാക്കിയിരിക്കുകയാണ്. റഷ്യയിൽ നിന്ന് അവർ എണ്ണ വാങ്ങുന്നത് നിറുത്തി.

ഇതോടെയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തീരെ കുറഞ്ഞ നിരക്കിൽ എണ്ണ നൽകാമെന്ന വാഗ്ദ്ധാനം റഷ്യ മുന്നോട്ടുവച്ചത്. ഇത് ഇന്ത്യ സ്വീകരിക്കുകയായിരുന്നു. റഷ്യൻ എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണെമന്ന് അമേരിക്ക ഉൾപ്പടെ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തയ്യാറായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.