ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ചിക്കൻ വിഭവങ്ങൾ. ആഘോഷവേളകളിൽ ചിക്കൻ വിഭവങ്ങൾ നമുക്ക് നിർബന്ധമാണ് അല്ലേ? എന്നാൽ മിക്കവാറും വീടുകളിലും മറ്റ് പരിപാടികളിലും കൂടുതലായി വിളമ്പുന്നത് സാധാരണയായി വയ്ക്കാറുള്ള ചിക്കൻ കറിയോ പൊരിച്ചതോ ആയിരിക്കും. ചിക്കൻ ചില്ലി, റോസ്റ്റ്, പെരട്ട്, തോരൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള ചിക്കൻ വിഭവങ്ങളും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ മലയാളികളിൽ അധികമാർക്കും പരിചയമില്ലാത്ത ഒരു ചിക്കൻ വിഭവമുണ്ട്. രോഗിണി ചിക്കൻ. വളരെ രുചിയേറിയ ഈ ചിക്കൻ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചിക്കൻ, ചെറിയ ഉള്ളി, കശുവണ്ടി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽമുളക്, തൈര്, മഞ്ഞൾ, ഉപ്പ്, എണ്ണ, മല്ലിയില എന്നിവയാണ് രോഗിണി ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക. ശേഷം കശുവണ്ടി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽമുളക്, വഴറ്റിയെടുത്ത ഉള്ളി എന്നിവ ചേർത്ത് മിക്സിയിൽ അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിന് ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ചിക്കൻ പൊരിച്ചെടുക്കണം. തുടർന്ന് അതിൽ ഉപ്പും മഞ്ഞൾ പൊടിയും ചേർത്തിളക്കണം. ഇതിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കണം. ഇതിലേക്ക് അൽപ്പം തൈര് ചേർത്ത് നന്നായി ഇളക്കണം. ശേഷം ആവശ്യത്തിന് കുരുമുളക് പൊടി കൂടി ചേർത്താൽ രോഗിണി ചിക്കൻ തയ്യാറായി.
