hanghang-lion

സിംഹം എന്ന് കേട്ടാൽ നമ്മുടെയൊക്കെ മനസിൽ ആദ്യം എത്തുന്നത് പ്രൗഡമായ സടയോട് കൂടി രാജകീയമായി നിൽക്കുന്ന ഒരു രൂപമാണ്. സിംഹം എന്നത് എപ്പോഴും രാജകീയതയുടെ പ്രതീകവുമാണ്. എന്നാൽ ഒരു ക്യൂട്ടായ മൃഗരാജന്റെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

ചൈനയിലെ ഗ്വാംഗ്ഷൂ മൃഗശാലയിലെ വിചിത്രമായ രൂപത്തിലുള്ള സടയോട് കൂടിയ സിംഹത്തിന്റെ ചിത്രമാണ് ലോകം ഏറ്റെടുത്തിരിക്കുന്നത്. ഹാംഗ്ഹാംഗ് എന്ന ഈ സിംഹത്തിന്റെ സടയുടെ ഹെയർ സ്റ്റൈല് കൊണ്ടാണ് ചിത്രങ്ങൾ ഇത്രത്തോളം വൈറലാവാൻ കാരണം. മൃഗശാലയിലെത്തിയ ഒരു പെൺകുട്ടിയാണ് കൗതുകം തോന്നി എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

hanghang-lion

സട മുന്നിൽ നിന്ന് മുറിച്ചു മാറ്റിയ പോലെയാണ് കാണപ്പെടുന്നത്. ഇത് ഒരേ സമയം കൗതുകവും ചിരിയുമുണർത്തും. സാധാരണ സിംഹങ്ങളെപ്പോലെ ഉയർന്നു നിൽക്കാതെ താഴേക്ക് വീണ് കിടക്കുന്ന തരത്തിലാണ് ഹാംഗ്ഹാംഗിന്റേത്. കുഞ്ഞ് കുട്ടികളുടേത് പോലെ മുന്നിലേക്ക് മുറിച്ചിട്ടിരിക്കുന്ന പോലെയാണ് സട മുന്നിലേക്ക് വീണ് കിടക്കുന്നത്. അതേസമയം സിംഹത്തിന്റെ സട തങ്ങൾ മുറിച്ചു മാറ്റിയതല്ലെന്നും, താനെ മാറിയതാണെന്നുമാണ് മൃഗശാല അധികൃതർ പറയുന്നത്.

മൃഗശാല നിൽക്കുന്ന പ്രദേശത്തെ അന്തരീക്ഷത്തിൽ ഈർപ്പം (ഹ്യുമിഡിറ്റി) കൂടുതലാണ്. അതിനാലാണ് സട ഉയർന്ന് നിൽക്കാതെ താഴേക്ക് വീണ് കിടക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒരു മൃഗശാലയിലും അവിടുത്തെ സിംഹത്തിന്റെ സടയുടെ സ്റ്റൈലിൽ മാറ്റം വരുത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.