
റാഞ്ചി : ഐപിഎൽ സീസണിന് ശേഷം ചെന്നൈ സൂപ്പർകിംഗ്സ് നായകൻ ധോണിയും ഭിന്നശേഷിക്കാരിയായ ആരാധികയും റാഞ്ചി വിമാനത്താവളത്തിൽ കണ്ടുമുട്ടിയ വീഡിയോ വൈറലായി. ലാവണ്യ പിലാനിയ എന്ന ആരാധിക തന്നെയാണ് ചിത്രങ്ങളും വിഡോയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘ധോണിയുമായുള്ള കൂടിക്കാഴ്ച നൽകിയ അനുഭവം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സ്നേഹ സമ്പന്നനും മൃദുഭാഷിയുമാണു ധോണി. എന്റെ പേരിന്റെ സ്പെല്ലിംഗ് അദ്ദേഹം ചോദിച്ച രീതി മറക്കാനാകില്ല. അതിനു ശേഷം അദ്ദേഹം എനിക്കു ഹസ്തദാനം നൽകി. പിന്നീട് കരയരുത് എന്നു പറഞ്ഞ് എന്റെ കണ്ണീർ തുടച്ചു. അളവില്ലാത്ത സന്തോഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ എനിക്കു നൽകിയത്.
ഞാൻ വരച്ച അദ്ദേഹത്തിന്റെ ചിത്രം സ്വീകരിച്ചതിനു ശേഷം എനിക്കു നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ എക്കാലവും ഓർമയിൽ ഉണ്ടാകും. അദ്ദേഹത്തിന്റെ അമൂല്യമായ സമയമാണ് എനിക്കായി നീക്കിവച്ചത്. താങ്കൾ വളരെ നല്ല ആളാണെന്നു ഞാൻ പറഞ്ഞപ്പോഴുള്ള ധോണിയുടെ പ്രതികരണം വിലമതിക്കാനാകാത്തതാണ്. ’– ലാവണ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.