kk

മുംബയ്: പ്രണയത്തിന് ശബ്ദമുണ്ടെങ്കിൽ അത് കെ.കെയായിരുന്നു. വിരഹത്തെക്കുറിച്ച് കെ.കെ പാടുമ്പോൾ ഹൃദയം ആർദ്രമാകുമായിരുന്നു. ആരാധകലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി 53-ാം വയസിൽ കെ.കെയെന്ന നാദം അകാലത്തിൽ പൊലിഞ്ഞപ്പോൾ, ലോകത്തിന് നഷ്ടമായത് ഇനിയുമേറെക്കാലം ഹൃദയത്തെ ത്രസിപ്പിക്കേണ്ട നിരവധി ഗാനങ്ങൾ.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി. മൂളിപ്പാട്ടും ജിംഗിളുകളുമായി പരസ്യരംഗത്തേക്കെത്തി. 1999ൽ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പാടിയ ചിയർ ഗാനം ജോഷ് അന്നത്തെ തലമുറയിൽ ആവേശത്തിന്റെ ആരവങ്ങളുയർത്തി. 'പൽ' എന്ന ആദ്യ ആൽബം സംഗീതപ്രേമികളെ കെ.കെയുടെ ആരാധകരാക്കി.

'ഹം രഹേ യാ നാ രഹേ' എന്ന ഗാനം രാജ്യമാകെ പടർന്നു. സരാ സരാ..( ജന്നത്ത്) ഡോളാരേ.. ഡോളാരേ. (ദേവ്ദാസ്),'തു ജോ മില'' (ബജ്‌രംഗി ഭായ്ജാൻ) തഡപ് തഡപ് (ഹം ദിൽ ദേ ചുകേ സനം), ദസ് ബഹാനെ (ദസ്), ട്യൂൺ മാരി എൻട്രിയാൻ (ഗുണ്ടേ), ''ഗോരി ഗോരി'' (മെയിൻ ഹൂ നാ) തുടങ്ങിയവ ഹിറ്റ്ലിസ്റ്റിൽ ഇടം നേടി

എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടി ദക്ഷിണേന്ത്യയിലേക്കെത്തി. ഫാസ്റ്റ് നമ്പറുകളിലൂടെ ആരാധക ഹൃദയം കവർന്നു. 'പുതിയമുഖ'മെന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ സംഗീതസംവിധായകൻ ദീപക് ദേവ് ആണ് കെ.കെയെ മലയാളത്തിലേക്കെത്തിച്ചത്.

വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങൾ പാടി. 5 ഫിലിം ഫെയർ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ബാല്യകാല സഖിയായ ജ്യോതി കൃഷ്ണയാണ് ഭാര്യ. രണ്ടുമക്കൾ. മകൻ നകുൽ കൃഷ്ണ കെ.കെയുടെ പുതിയ ആൽബമായ 'ഹംസഫറി'ൽ ഗാനം ആലപിച്ചിട്ടുണ്ട്.

കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു.