
കോഴിക്കോട്: ലോകത്ത് കൂടുതൽ സാമ്പത്തിക വളർച്ചയുള്ള രാജ്യമാക്കി നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. നടപ്പുവർഷത്തെ ജി.ഡി.പി 8.47 ശതമാനമായത് ഇതിന് തെളിവാണ്. കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണ്. 5,600 കോടി രൂപയാണ് കഴിഞ്ഞദിവസം ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്.
2014ന് മുമ്പ് ദേശീയപാത വികസനം ഒരു ദിവസം 12 കിലോമീറ്ററായിരുന്നത് 37 കിലോമീറ്ററായി വർദ്ധിപ്പിച്ചു. 80 പുതിയ വിമാനത്താവളങ്ങൾ വന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ എന്നിവരും പങ്കെടുത്തു.