kk

കൊച്ചി: ജൂണ്‍ 4 മുതല്‍ ഹരിയാനയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021നുള്ള കേരളത്തിന്റെ കളരിപ്പയറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗെയിംസിലെ അഞ്ച് തദ്ദേശീയ കായിക ഇനങ്ങളിലൊന്നായ കളരിപ്പയറ്റില്‍ മെഡല്‍ക്കൊയ്ത്ത് ലക്ഷ്യമിട്ട് 67 അംഗ ടീമിനെയാണ് കേരളം രംഗത്തിറക്കുന്നത്. ഗെയിംസില്‍ കേരളത്തെ ആകെ പ്രതിനിധീകരിക്കുന്ന 159 അത്‌ലറ്റുകളുടെ പകുതിയോളം വരും ഇത്.

മൂവായിരം വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ ഉത്ഭവസ്ഥലം കൂടിയാണ് കേരളം. ഗെയിംസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ഇനങ്ങളില്‍ 5 മുതല്‍ 10 ദിവസം വരെ നീളുന്ന ക്യാമ്പുകള്‍ കേരളം സംഘടിപ്പിച്ചിരുന്നു. അത്‌ലറ്റിക്‌സ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവയിലും കേരളം വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

2020 ഗെയിംസില്‍ കേരളം നേടിയ 15 സ്വര്‍ണ മെഡലുകളില്‍ പത്തും അത്‌ലറ്റിക്‌സില്‍ നിന്നായിരുന്നു. അത്‌ലറ്റിക്‌സിലെ ജേതാക്കളും കേരളമായിരുന്നു. ഗെയിംസില്‍ ഏക ട്രിപ്പിള്‍ സ്വര്‍ണ മെഡല്‍ ജേതാവായ ആന്‍സി സോജന്‍ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, സീസണല്ലാത്തതിനാല്‍ ബാഡ്മിന്റണില്‍ ഗായത്രി ഗോപിചന്ദിന്റെ ഡബിള്‍സ് പങ്കാളിയായ ട്രീസ ജോളിയുള്‍പ്പെടെയുള്ള ചില താരങ്ങള്‍ ഗെയംിസില്‍ നിന്ന് പിന്‍മാറിയത് മെഡല്‍ നേട്ടത്തില്‍ കേരളത്തിന് തിരിച്ചടിയായേക്കും.

മുന്‍ ഗെയിംസുകളില്‍ യഥാക്രമം 8, 10, 13 സ്ഥാനങ്ങളായിരുന്നു കേരളം നേടിയിരുന്നത്. ഇത്തവണ സ്ഥാനം മെച്ചപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുമെന്നും, കളരിപ്പയറ്റില്‍ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കേരള കാര്‍ഷിക സര്‍വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവിയും, കേരള ടീമിന്റെ തലവനുമായ ഡോ.ടി.ഐ മനോജ് പറഞ്ഞു.