
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയുടെ പുതിയ ട്വീറ്റ് നിരവധി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കുന്നു. നിരവധിയാളുകൾക്ക് ഉപകാരമാകാൻ ഇടയാക്കുന്ന ഒരു കാര്യം തുടങ്ങാൻ പോകുകയാണ്. ജീവിതത്തിന്റെ ഈ പുതിയ അദ്ധ്യായത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നുമാണ് ദാദ തന്റെ ട്വീറ്റിൽ പറയുന്നത്. ഇത് ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയാനും രാഷ്‌ട്രീയത്തിൽ പ്രവേശിക്കാനുമാണെന്നാണ് ചിലർ പറയുന്നത്.
'1992ൽ തുടങ്ങിയ എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ മുപ്പതാം വാർഷികമാണ് 2022.അതിനുശേഷം ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി. അതിലേറ്റവും പ്രധാനം നിങ്ങളെനിക്ക് നൽകിയ പിന്തുണയാണ്. ഈ യാത്രയിൽ പിന്തുണച്ച് ഇന്ന് ഈ നിലയിലെത്താൻ സഹായിച്ച ഓരോരുത്തർക്കും നന്ദി പറയുന്നു. ഇനി ഒരുപാടുപേർക്ക് സഹായകമാകുന്ന പുതിയൊരു സംരംഭം തുടങ്ങാൻ ഞാൻ ആലോചിക്കുകയാണ്. ജീവിതത്തിന്റെ തുടർന്നുളള അദ്ധ്യായത്തിലും നിങ്ങളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.' ഇങ്ങനെയായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.
— Sourav Ganguly (@SGanguly99) June 1, 2022
 
ഇതോടെ ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷസ്ഥാനം രാജിവയ്‌ക്കാൻ ഒരുങ്ങുകയാണോയെന്നും രാഷ്‌ട്രീയത്തിൽ പ്രവേശിക്കുകയാണോയെന്നും ആരാധകർ ചർച്ച ചെയ്യുകയാണ്.എന്നാൽ ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു. 2003 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ച നായകനായ ഗാംഗുലി ഇന്ത്യ കണ്ട മികച്ച ഇടംകൈ ഓപ്പണർമാരിലുമൊരാളാണ്. 113 ടെസ്‌റ്റുകളിൽ 7212 റൺസും 311 ഏകദിനത്തിൽ 11363 റൺസും നേടിയിട്ടുണ്ട്. 49 ടെസ്‌റ്റുകളിൽ ഇന്ത്യയെ നയിച്ച ഗാംഗുലി 21 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഏകദിനത്തിൽ 146 മത്സരങ്ങളിൽ നിന്ന് 76 മത്സരങ്ങൾ വിജയിപ്പിച്ച റെക്കാഡുമുണ്ട്. 2015 മുതൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ അദ്ദേഹം 2019 മുതൽ ബിസിസിഐ പ്രസിഡന്റാണ്.