
ഷാങ്ങ്ഹായ് : രണ്ട് മാസത്തെ സമ്പൂർണ അടച്ചുപൂട്ടലിന് ശേഷം ചൈനയുടെ വ്യാപാര കേന്ദ്രമായ ഷാങ്ങ്‌ഹായ് നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രാബല്യത്തിൽ വന്നു. ഇതോടെ 2.5 കോടി വരുന്ന ഷാങ്ങ്‌ഹായ്‌യിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് സ്വതന്ത്രമായി സഞ്ചരിക്കാമെങ്കിലും 6,50,000 പേർ ഇനിയും നിയന്ത്രണങ്ങളിൽ തുടരും. അതേ സമയം, കൊവിഡ് ബാധിതരെ ക്വാറന്റൈനിൽ പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രോട്ടോക്കോളുകൾ തുടരും. വീടിന് പുറത്തിറങ്ങുന്നവർ സ്മാർട്ട് ഫോണിലെ ഗ്രീൻ ഹെൽത്ത് കോഡ് കാണിക്കണം. പൊതുഗതാഗതം, ബാങ്ക്, മാൾ തുടങ്ങിയ ഇടങ്ങളിൽ 72 മണിക്കൂർ മുമ്പ് വരെയെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നഗരത്തിന് പുറത്ത് പോയി തിരിച്ചെത്തുന്നവർ 7 മുതൽ 14 ദിവസം വരെ ക്വാറന്റീനിൽ കഴിയണം. തിയേറ്റർ, മ്യൂസിയം, ജിം, സ്കൂൾ തുടങ്ങിയവ അടഞ്ഞുകിടക്കും. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് മാർച്ചിൽ ഷാങ്ങ്‌ഹായ് നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.