
കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണത്തിന് കാരണം കടുത്ത ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെ.കെയ്ക്ക് ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങളും കരൾരോഗവും ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. എസ്.എസ്.കെ.എം ആശുപത്രിയിൽ ഒന്നരമണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടത്തിനുശേഷം രബീന്ദ്ര സദനിൽ പൂർണ സംസ്ഥാന ബഹുമതികളോടെ കെ.കെയ്ക്ക് കൊൽക്കത്ത വിടനൽകി. മുഖ്യമന്ത്രി മമതാബാനർജി അടക്കമുള്ളവർ പങ്കെടുത്തു.ന്യൂഡൽഹിയിലായിരുന്ന കെ.കെയുടെ ഭാര്യ ജ്യോതികൃഷ്ണയും മക്കളായ നകുലും താമരയും എത്തിയിരുന്നു. .
തുടർന്ന് മൃതദേഹം മുംബയിലെ വീട്ടിൽ എത്തിച്ചു. വെർസോവയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം നാളെ രാവിലെ 9ന് മുംബയ് മുക്തിദാൻ ശ്മശാനത്തിൽ സംസ്കരിക്കും.
തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെ.കെയുടെ ജനനം. ചൊവ്വാഴ്ച കൊൽക്കത്തയിലെ നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടി കഴിഞ്ഞ് രാത്രി പത്തോടെ ഗ്രാൻഡ് ഹോട്ടലിൽ മടങ്ങിയെത്തിയ കെ.കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൊൽക്കത്ത മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.കെയുടെ മുഖത്തും തലയിലും മുറിപ്പാടുകളുണ്ടായിരുന്നത് കുഴഞ്ഞുവീണപ്പോഴുണ്ടായ താണെന്നും രക്തസ്രാവം ഉണ്ടായില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഹോട്ടൽ മുറി പരിശോധിച്ച പൊലീസ്, ജീവനക്കാരെയും സംഘാടകരെയും ചോദ്യം ചെയ്തു.
അതിനിടെ, കെ.കെയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.