
കൊൽക്കത്ത: മൂന്ന് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തിനൊടുവിൽ ജീവിതത്തിന്റെ 'പുതിയ അദ്ധ്യായ'ത്തിലേക്ക് കടക്കുന്നതായും എല്ലാവരുടെയും പിന്തുണ വേണമെന്നുമുളള ഗാംഗുലിയുടെ ട്വീറ്റിൽ വിശദീകരണമായി. ലോകമാകെയുളള വിദ്യാർത്ഥികൾക്കായി ഒരു 'എഡ്യുക്കേഷൻ ആപ്പ്' ആണ് ഗാംഗുലി ആരംഭിക്കാൻ പോകുന്നത്.
ഗാംഗുലിയുടെ പോസ്‌റ്റ് വന്നതോടെ അദ്ദേഹം ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായും രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും അഭ്യൂഹമുയർന്നു. ഏത് പാർട്ടിയിലേക്കാവും അദ്ദേഹം എത്തുക എന്നപേരിൽ വരെ ചർച്ചകൾ നടന്നു. എന്നാൽ ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു.
— Sourav Ganguly (@SGanguly99) June 1, 2022
'1992ൽ തുടങ്ങിയ എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ മുപ്പതാം വാർഷികമാണ് 2022.അതിനുശേഷം ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി. അതിലേറ്റവും പ്രധാനം നിങ്ങളെനിക്ക് നൽകിയ പിന്തുണയാണ്. ഈ യാത്രയിൽ പിന്തുണച്ച് ഇന്ന് ഈ നിലയിലെത്താൻ സഹായിച്ച ഓരോരുത്തർക്കും നന്ദി പറയുന്നു. ഇനി ഒരുപാടുപേർക്ക് സഹായകമാകുന്ന പുതിയൊരു സംരംഭം തുടങ്ങാൻ ഞാൻ ആലോചിക്കുകയാണ്. ജീവിതത്തിന്റെ തുടർന്നുളള അദ്ധ്യായത്തിലും നിങ്ങളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.' ഇങ്ങനെയായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.