
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന് പൊളളലേറ്റു. വൈപ്പിനിൽ 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ബുധനാഴ്‌ച വൈകിട്ട് ഏഴോടെയാണ് സംഭവമുണ്ടായത്. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെടിക്കെട്ട്'.
ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും ചേർന്നാണ്. കൈയ്‌ക്കാണ് വിഷ്‌ണുവിന് പരിക്ക്. അദ്ദേഹത്തെ പ്ളാസ്‌റ്റിക് സർജറിയ്‌ക്ക് വിധേയനാക്കിയേക്കുമെന്നാണ് കൊച്ചിയിൽ വിഷ്‌ണുവിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതർ സൂചന നൽകിയത്.
ഒരു യമണ്ടൻ പ്രേമകഥയ്‌ക്ക് ശേഷം വിഷ്‌ണുവും ബിബിൻ ജോർജും ചേർന്ന് രചന നിർവഹിച്ച ചിത്രമാണ് വെടിക്കെട്ട്. ബാദുഷാ സിനിമാസിന്റെയും പെൻ ആന്റ് പേപ്പറിന്റെയും ബാനറിലെത്തുന്ന ചിത്രം നിർമ്മിച്ചത് എൻ.എം ബാദുഷയും ഷിനോയ് മാത്യുവുമാണ്. ഐശ്വര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നീ പുതുമുഖങ്ങളാണ് നായികമാർ.