
ന്യൂഡൽഹി: മുൻ ഭാര്യ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് അനുകൂല വിധി. കേസിൽ ആംബർ ഹേഡ് തന്റെ മുൻഭർത്താവിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയിലെ ഫെയർഫാക്‌സ് കൗണ്ടി കോടതി വിധിച്ചു. ആഴ്ചകൾ നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജോണി ഡെപ്പിനെതിരെ നൽകിയ ഗാർഹിക പീഡനകേസുകളിൽ ഒന്നിൽ ആംബർഹെഡിന് ഡെപ്പ് 2 ദശലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധി പ്രഖ്യാപന വേളയിൽ ആംബർ ഹെഡ് കോടതിയിൽ ഉണ്ടായിരുന്നു. എന്നാൽ ജോണി ഡെപ്പ് എത്തിയിരുന്നില്ല.
വിധി ഹൃദയം തകർക്കുന്നതെന്ന് ആംബർ ഹേഡ് പ്രതികരിച്ചു. വാക്കുകൾക്ക് അതീതമാണ് എന്റെ നിരാശ. തെളിവുകളുടെ പർവ്വതം മുന്നിഷ ഉണ്ടായിട്ടും വിധി അനുകൂലമായില്ല. ജോണി ഡെപ്പിന്റെ സ്വാധിനം അത്രത്തോളം വലുതാണെന്നും ഹേഡ് പറഞ്ഞു. പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാലത്തേക്ക് തിരിച്ചുകൊണ്ടുപോകുകയാണ് വിധിയെന്നും അവർ പറഞ്ഞു. അതേസമയം കോടതി തനിക്ക് ജീവിതം തിരികെ നൽകിയെന്ന് ഡെപ്പ് പ്രതികരിച്ചു.
2015 മുതൽ 2017 വരെ ഡെപ്പിന്റെ ഭാര്യയായി കഴിഞ്ഞിരുന്ന ഹേഡ് ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി 2016 മേയിലാണ് ഡെപ്പിനെതിരെ പരാതി നൽകിയത്. 2018 ഡിസംബറിൽ ഒരു യു.എസ് ദിനപത്രമായ 'ദി വാഷിംഗ്ടൺ പോസ്റ്റിന്' വേണ്ടി ഹേഡ് എഴുതിയ കുറിപ്പിൽ താൻ ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പരാമർശിച്ചിരുന്നു. ഡെപ്പിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും അതിന് ശേഷം തന്റെ കരിയർ അവതാളത്തിലായെന്നും സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ആരോപിച്ച് നടൻ ഹേഡിനെതിരെ 50 ദശലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് നൽകി.
തുടർന്ന് 36കാരിയായ ഹേഡ്, ശാരീരിക പീഡനങ്ങൾ അനുഭവിച്ചുവെന്ന് കാണിച്ച് 100 മില്യൺ ഡോളറിന് എതിർവാദം ഉന്നയിച്ചു. . അംഗരക്ഷകർ, ഹോളിവുഡ് എക്സിക്യൂട്ടീവുകൾ, ഏജന്റുമാർ, വിനോദ വ്യവസായ വിദഗ്ധർ, മാനസികരോഗ വിദഗ്ധർ, ഡോക്ടർമാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് സാക്ഷികൾ വിചാരണ വേളയിൽ മൊഴി നൽകി.