vijay-babu

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒൻപത് മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ പത്ത് മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. അസി.കമ്മിഷണർ വൈ. നിസാമുദ്ദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബു പൊലീസിന് മൊഴി നൽകിയത്.

എന്നാൽ വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡനം നടന്ന ദിവസം ആഡംബര ഹോട്ടലിലുണ്ടായിരുന്ന പ്രമുഖ ഗായകൻ, ഭാര്യ എന്നിവരെ സാക്ഷികളാക്കി മൊഴിയെടുത്തേക്കും.

അതേസമയം നടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കോടതിയിൽ വിശ്വാസമുണ്ടെന്നും, പൊലീസുമായി പൂർണ്ണമായി സഹകരിക്കുമെന്നും വിജയ് ബാബു ഇന്നലെ പറഞ്ഞിരുന്നു.

39 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദുബായിൽ നിന്ന് നടൻ കൊച്ചിയിലെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.