
ലക്നൗ: അൽ ഖ്വയ്ദ ഭീകരൻ ഒസമാ ബിൻ ലാദന്റെ ചിത്രം ഓഫീസിൽ തൂക്കി സർക്കാർ ജീവനക്കാരൻ. 'ലോകത്തെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ' എന്ന അടിക്കുറിപ്പോടെയാണ് സർക്കാർ ഓഫീസിൽ തൂക്കിയത്. സംഭവത്തിൽ ഉത്തർപ്രദേശിലെ സർക്കാർ വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷനൽ ഓഫീസർ (എസ്‌ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെ സസ്‌പെൻഡ് ചെയ്തു.
സർക്കാർ ഓഫീസിലെ ബിൻ ലാദന്റെ ചിത്രവും 'ലോകത്തെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ' എന്ന അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിമർശനം ഉയർന്നതോടെ അധികൃതർ രവീന്ദ്ര പ്രകാശിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ബിൻ ലാദന്റെ ചിത്രം ഓഫീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആർക്കും ആരെയും ആരാധിക്കാമെന്നും, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയറായിരുന്നു ബിൻ ലാദനെന്നുമാണ് എസ് ഡി ഒയുടെ പ്രതികരണം. ചിത്രം നീക്കം ചെയ്‌തെങ്കിലും അതിന്റെ നിരവധി പകർപ്പുകൾ തന്റെ കൈവശമുണ്ടെന്നും രവീന്ദ്ര പ്രകാശ് പറഞ്ഞു.