
തിരുപ്പതി: ഭാര്യയെ കൊന്ന് തടാകത്തിൽ തള്ളിയ യുവാവ് അറസ്റ്റിൽ. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയിൽ താമസിക്കുന്ന സോഫ്റ്റ്‌വെയർ എൻജിനിയറായ വേണുഗോപാൽ (30) ആണ് പിടിയിലായത്. പിണങ്ങിപ്പോയ ഭാര്യ പത്മയെ സ്‌നേഹത്തോടെ വിളിച്ചുവരുത്തി അടിച്ചുകൊല്ലുകയായിരുന്നു. ജനുവരി അഞ്ചിനായിരുന്നു കൊലപാതകം നടന്നത്.
ചെന്നൈയിലെ ഐടി സ്ഥാപനത്തിലെ എൻജിനിയറായ വേണുഗോപാൽ ഒരു വർഷം മുമ്പാണ് പത്മയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ പതിവായി വഴക്കായിരുന്നു. തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, വേണുഗോപാലിനെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ടു, പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന ഉറപ്പിൽ വീണ്ടും ഒന്നിച്ചുജീവിക്കാൻ തുടങ്ങി.
എന്നാൽ വേണുഗോപാൽ വീണ്ടും ഉപദ്രവിച്ചതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. ജനുവരി അഞ്ചിന് ഭാര്യയുടെ വീട്ടിലെത്തിയ പ്രതി മേലിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. പത്മയുടെ മാതാപിതാക്കളെയും വിശ്വസിപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞു. തുടർന്ന് പത്മയ്‌ക്കൊപ്പം തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്കു മടങ്ങി.
വീട്ടിലെത്തിയതിന് പിന്നാലെ പ്രതി ഭാര്യയെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പായതോടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി കാറിൽ കൊണ്ടുപോയി സമീപത്തെ തടാകത്തിൽ തള്ളി.
തുടർന്ന് ഭർത്താവിന് ഹൈദരാബാദിൽ ജോലി കിട്ടിയെന്നും, അങ്ങോട്ടേക്ക് പോകുകയാണെന്നും കാണിച്ച് പത്മയുടെ ഫോണിൽ നിന്ന് മാതാപിതാക്കൾക്ക് മെസേജ് അയച്ചു. മകളെ വിളിച്ചിട്ട് ഫോൺ എടുക്കാതായതോടെ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ വേണുഗോപാൽ കുറ്റം സമ്മതിക്കുകയായിരുന്നു.