hardik-patel-

ഗാന്ധിനഗർ : ഗുജറാത്ത് മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ഇന്ന് മുതൽ ബി ജെ പിയിൽ. ബി ജെ പിയിൽ ചേരുന്നതിന് മുന്നോടിയായി ജീവിതത്തിൽ 'പുതിയ അദ്ധ്യായം' ആരംഭിക്കുന്നതിനെക്കുറിച്ച് ഹാർദിക് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ തയ്യാറായ ഒരു ചെറിയ സൈനികൻ ആണ് താനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. 'ദേശീയ താൽപര്യം, സംസ്ഥാന താൽപര്യം, പൊതുതാൽപ്പര്യം, സാമൂഹികതാൽപ്പര്യം കാത്തുസൂക്ഷിക്കുവാൻ പുതിയ അദ്ധ്യായം തുടങ്ങാൻ പോകുകയാണ്. ' എന്നാണ് ബി ജെ പി പ്രവേശനത്തിന് തൊട്ടുമുൻപായി അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

ഗുജറാത്ത് നിയമസഭയിലേക്ക് ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളതിനാൽ പട്ടേൽ വിഭാഗത്തിന്റെ കരുത്തായ ഹാർദിക് പട്ടേൽ ബി ജെ പിയിൽ ചേരുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാണ്. കഴിഞ്ഞ മേയ് പതിനെട്ടിനാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്നും പുറത്ത് പോയത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിനൊപ്പം 'ഇന്ന് ഞാൻ ധീരമായി കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നു. എന്റെ തീരുമാനത്തെ എന്റെ എല്ലാ സഹപ്രവർത്തകരും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗുജറാത്തിലെ ജനങ്ങളേ, എന്റെ ഈ ചുവടുവെപ്പിന് ശേഷം ഭാവിയിൽ ഗുജറാത്തിനായി ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ജനങ്ങളുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസ് കേന്ദ്രസംസ്ഥാന തലങ്ങളിൽ എന്തിനേയും എതിർക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസിൽ ചേർന്നതിൽ ഖേദിക്കുന്നുവെന്നും ഇത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നുവെന്നും പത്രസമ്മേളനത്തിൽ ഹാർദിക് പറഞ്ഞു.