
സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സന്ദേശമായി ഒരു കൺസെപ്റ്റ് ഫോട്ടോഗ്രഫി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സിനിമാ മോഹവുമായി നടക്കുന്ന പെൺകുട്ടിയെ നിർമാതാവ് ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ പ്രലോഭനങ്ങളിൽ വീഴാതെ അവൾ ശക്തമായി പ്രതികരിക്കുന്നതിന്റെ കഥയാണ് ഫോട്ടോഗ്രഫറായ അരുൺ രാജ് തന്റെ ചിത്രങ്ങളിലൂടെ പറയുന്നത്. ഫേസ്ബുക്കിലാണ് അരുൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"നിങ്ങൾ യെസ് പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല... ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ നോ ചരിത്രമാകും നാളെ ഒരുപാടു പെൺകുട്ടികൾക്ക് നോ പറയാൻ ധൈര്യം പകരുന്ന ചരിത്രം."എന്ന് പറഞ്ഞുകൊണ്ടാണ് അരുൺ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നിങ്ങൾ യെസ് പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല... ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ നോ ചരിത്രമാകും നാളെ ഒരുപാടു പെൺകുട്ടികൾക്ക് നോ പറയാൻ ധൈര്യം പകരുന്ന ചരിത്രം.
അവളെ വെറുമൊരു പെണ്ണായി മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു..കരയാനും ചിരിക്കാനും മാത്രമറിയുന്നൊരു പെൺ കോലം. എന്നാൽ അവൾക്കുള്ളിലും ഒരു കടലിരമ്പുന്നുണ്ട്, പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ നിലനിൽപ്പിന്റെ ആഴക്കടൽ. അവളുടെ കണ്ണുനീർ തുള്ളികൾ നിസ്സഹായതയുടെ അണപൊട്ടലെന്നു കരുതിയെങ്കിൽ, അവളുടെ മൗനം നിന്റെ ആയുധ മൂർച്ചയുടെ മുന്നിലെ അടിയറവെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി. പ്രോലോഭനത്തിന്റെ മോഹനസ്വർഗ്ഗവുമേന്തി നീ നടന്നടുത്തത് ഏതൊരു വേട്ടക്കാരനെയും വെല്ലുന്ന, പിന്നിലെക്കാഞ്ഞതിനും ഇരട്ടിവേഗത്തിൽ മുന്നിലെക്കിരമ്പിയടുക്കുന്ന പെൺപുലിയുടെ മുന്നിലെന്നറിയുക. അവസരങ്ങളെന്ന കീറിമുഷിഞ്ഞ ആ വലയുമായി ഇരുട്ടിൻ മറവിൽ ഇനിയും ആ കാട്ടിലേക്ക് നീ ചെന്നാൽ, പ്രതിരോധത്തിനായ് നായായും നരിയായും നരനായാട്ടിനിറങ്ങും അവൾ...