
ഷിംല : പ്രാദേശിക നേതാവിന്റെ ഭാര്യയെ കിച്ച്ഡി പാചകം ചെയ്യുന്നത് എങ്ങനെയാണെന്ന് നരേന്ദ്ര മോദി പഠിപ്പിച്ച സംഭവം വിവരിച്ച് ദമ്പതികൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഹിമാചൽ പ്രദേശ് സന്ദർശനത്തിനിടെയാണ് തൊണ്ണൂറുകളിൽ നടന്ന സംഭവം ഷിംലയിലെ ബി ജെപി നേതാവായ ദീപക് ശർമ്മയും ഭാര്യയും ഓർത്തെടുത്തത്. ദീപക് ശർമ്മയെ കുറിച്ച് ഇപ്പോഴും ഓർക്കുന്ന മോദി അവരെ കുറിച്ച് മുഖ്യമന്ത്രിയോട് സന്ദർശനത്തിനിടെ തിരക്കിയിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴും സാധാരണ പ്രവർത്തകരെ മറക്കാൻ മോദി തയ്യാറായില്ലെന്ന സന്ദേശമാണ് ഇതിലൂടെ കാണാനാവുന്നതെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം വെളിപ്പെടുത്തുന്നു.
90 കളുടെ അവസാനത്തിൽ ബിജെപിയുടെ ഹിമാചൽ പ്രദേശ് ഘടകത്തിന്റെ ചുമതല മോദിക്കായിരുന്നു. 1997ലെ നവരാത്രി സമയത്ത് പ്രധാനമന്ത്രി മോദിക്ക് വേണ്ടി കിച്ചടി പാകം ചെയ്തിരുന്നുവെന്നും എന്നാൽ അത് താൻ വിചാരിച്ച പോലെയായില്ലെന്ന് ബിജെപി നേതാവ് ദീപക് ശർമ്മയുടെ ഭാര്യ സീമ ശർമ്മ പറയുന്നു. തുടർന്ന് മോദി സീമയെ കിച്ചടിയുണ്ടാക്കാൻ പഠിപ്പിച്ചു. കഴിഞ്ഞ ദിവസം ഷിംല സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി ജയ് റാം താക്കൂറിനോട് ദീപക് ശർമ്മയെക്കുറിച്ച് ചോദിച്ചു. പിന്നാലെ റിഡ്ജ് മൈതാനിയിൽ നടന്ന റാലിയിൽ ജയ് റാം തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഹിമാചൽ പ്രദേശിലെ സാധാരണ ബിജെപി പ്രവർത്തകരുമായുള്ള പ്രധാനമന്ത്രി മോദിയുടെ ബന്ധം ഇപ്പോഴും ദൃഢമാണ്. ദീപക് ശർമ്മ ഇപ്പോഴും ജഖു ക്ഷേത്രത്തിൽ പോകുന്നുണ്ടോയെന്ന് നരേന്ദ്ര മോദി തന്നോട് ചോദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതേതുടർന്ന് മോദിയുമായുള്ള അനുഭവങ്ങൾ ദീപക് ശർമ്മയും അദ്ദേഹത്തിന്റെ ഭാര്യയും പങ്കുവയ്ക്കുകയായിരുന്നു. ഷിംല മുനിസിപ്പൽ കോർപ്പറേഷന്റെ നോമിനേറ്റഡ് കൗൺസിലറാണ് ദീപക് ശർമ്മ ഇപ്പോൾ. മോദി തന്നെ ഇപ്പോഴും ഓർക്കുകയും അന്വേഷിക്കുകയും ചെയ്തതിൽ അതീവ സന്തോഷവാനാണ് ഇദ്ദേഹം. 1997-98 കാലത്ത് സംസ്ഥാനത്തെ പാർട്ടി സംഘടനാ ചുമതലയുണ്ടായിരുന്ന നരേന്ദ്ര മോദി തന്റെ ഭോജനശാലയിൽ സന്ദർശനം നടത്തുമായിരുന്നു. ഇക്കാലത്താണ് ദീപക്കിന്റെ ഭാര്യ സീമ ശർമ്മയോട് തനിക്ക് കിച്ച്ഡി പാകം ചെയ്ത് തരുമോ എന്ന് മോദി ആവശ്യപ്പെട്ടത്.
എങ്ങനെ നന്നായി കിച്ച്ഡി പാചകം ചെയ്യാമെന്ന് മോദി പഠിപ്പിച്ചുവെന്നും, അന്നുമുതൽ പാചകം ചെയ്യുമ്പോഴെല്ലാം, മോദിജി പഠിപ്പിച്ച രീതിയിലാണ് ഞാൻ പാചകം ചെയ്യുന്നതെന്നും സീമ ശർമ്മ പറയുന്നു. പ്രധാനമന്ത്രി മോദിയും തനിക്കൊപ്പം നിരവധി തവണ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ദീപക് ശർമ്മ പറഞ്ഞു.