
കൊൽക്കത്ത : സ്റ്റാർട്ടപ്പുകളുടെ കാലമാണ് ഇപ്പോൾ, എന്നാൽ ഇവയിൽ എത്രയെണ്ണം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുന്നു എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ ഈ ചിന്തകൾക്ക് അവസാനമാവുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്നവന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാർട്ടപ്പ് സംരംഭമായ ബൂസി. കൊൽക്കത്തിയിലാണ് ബൂസിയുടെ സേവനം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഓർഡർ ചെയ്താൽ പത്ത് മിനിട്ടിൽ മദ്യം ഉപഭോക്താവിന്റെ കയ്യിലെത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓൺലൈൻ മദ്യ വിതരണത്തനായി കൊവിഡ് കാലത്ത് നിരവധി കമ്പനികൾ രാജ്യത്ത് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും പത്ത് മിനിട്ട് ഡെലിവറിക്ക് ആരും തയ്യാറായിരുന്നില്ല.
പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്‌സൈസ് വകുപ്പിന്റെ അനുമതിക്ക് ശേഷമാണ് ബൂസി കൊൽക്കത്തയിൽ സേവനം ആരംഭിച്ചത്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനമാണ് പത്ത് മിനിട്ട് മദ്യ വിതരണം സാദ്ധ്യമാക്കുന്നത്.
ഓർഡർ നൽകുന്നയാളുടെ തൊട്ടടുത്ത മദ്യഷോപ്പിൽ നിന്നും മദ്യം എടുത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതാണ് പത്ത് മിനിട്ടിൽ വിതരണം സാദ്ധ്യമാക്കുന്നത്. ഇത് ഡെലിവറി ചാർജ് കുറയ്ക്കാനും കമ്പനിയെ സഹായിക്കും. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകില്ലെന്നും, മായം ചേർക്കൽ തടഞ്ഞ് വ്യാജ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനാവും തുടങ്ങിയ തങ്ങളുടെ പ്രതിബദ്ധത കാണാതെ പോകരുതെന്നും ബൂസി അഭ്യർത്ഥിക്കുന്നു.