
കല്ലമ്പലം: സ്‌കൂളിലോ വീടിനടുത്തോ പറയത്തക്ക കൂട്ടുകാർ ആരും തന്നെ ജീവയ്‌ക്ക് ഇല്ലായിരുന്നു. പഠിക്കുക എന്നതിനപ്പുറം മറ്റു കൂട്ടുകെട്ടുകളോടും ഒട്ടും താത്പര്യമില്ലായിരുന്നു. പത്താം ക്ളാസ് വരെ പഠനത്തിൽ മിടുക്കിയായിരുന്നു. ഓൺലൈൻ പഠനസമയത്ത് അമ്മ വാങ്ങി നൽകിയ മൊബൈൽഫോണിൽ ആകസ്‌മികമായി കണ്ട കൊറിയൻ മ്യൂസിക് ബാൻഡുകളോടുള്ള ഇഷ്‌ടമാണ് ഓർക്കാപ്പുറത്ത് ആ കുഞ്ഞുജീവിതത്തിന് വിരാമമിട്ടത്.
നാവായിക്കുളം വെട്ടിയറ ചിറവിളപുത്തൻവീട്ടിൽ പരേതനായ ജയമോഹൻ-ശ്രീജ ദമ്പതികളുടെ മൂത്തമകൾ ജീവാ മോഹനെ (ഗൗരി 16)കഴിഞ്ഞദിവസമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയിന്നില്ലെന്നുമുള്ള ആറുപേജുള്ള ആത്മഹത്യാകുറിപ്പ് കല്ലമ്പലം പൊലീസ് കണ്ടെടുത്തു.
അമ്മ ഇടയ്‌ക്ക് ശകാരിച്ച് ഫോൺ വാങ്ങിവയ്‌ക്കാൻ തുടങ്ങിയപ്പോൾ അതു കിട്ടുന്നതു വരെ വിഷാദത്തിലായിരുന്നു ജീവ. വീഡിയോ കാണൽ ശീലമായതോടെ പഠനത്തിൽ വളരെ പിന്നിലായി. സ്‌കൂളിലും ട്യൂഷൻ ക്ളാസിലുമൊക്കെ നടന്ന യൂണിറ്റ് ടെസ്റ്റുകളിൽ മാർക്ക് കുറഞ്ഞതോടെ ജീവക്ക് വലിയ ആധിയായി. മൊബൈൽ മാറ്റിവച്ച് പഠിക്കാൻ ഇരുന്നാലും ശ്രദ്ധിക്കാൻ കഴിയാതെ വീണ്ടും വീഡിയോയിലേക്ക് തന്നെ തന്റെ മനസ് തിരിയുന്നത് ജീവക്ക് വലിയ സമ്മർദ്ദമായിരുന്നു.
തന്റെ ജീവിതം മൊബൈലിലേക്ക് ചുരുങ്ങുന്നതായും ഇനി അതിൽ നിന്നും തനിക്കൊരു മോചനം ഇല്ലെന്നും തിരിച്ചറിഞ്ഞതോടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളാരും ഇല്ലാത്തതിനാൽ വീട്ടുകാർക്കും ഈ വിവരം മനസിലാക്കാൻ സാധിച്ചില്ല. ഒരുപക്ഷേ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നെങ്കിൽ കൗൺസലിംഗിലൂടെ ജീവയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ കഴിയുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
മരിക്കുന്നതിന് മുമ്പ് ആറു പേജുകളുള്ള ആത്മഹത്യ കുറിപ്പിൽ ഈ പതിനാറുകാരി തനിക്ക് പറ്റിയ അബദ്ധം വ്യക്തമായി കുറിച്ചിരുന്നു. പഠിക്കാൻ വേണ്ടി അമ്മ വാങ്ങിത്തന്ന ഫോൺ ഉപയോഗിച്ച് താൻ വീട്ടുകാരെ ചതിക്കുകയായിരുന്നുവെന്നും പഠിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ബി.ടി.എസ് ഉൾപ്പെടെയുള്ള സംഗീത ആൽബങ്ങളിൽ താൻ അടിമയായെന്നും ജീവ വ്യക്തമായി എഴുതിയിരുന്നു. തന്റെ അനുജത്തിക്ക് ഫോൺ നൽകരുതെന്നും പറഞ്ഞാണ് ജീവ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഞ്ചുവർഷം മുമ്പ് ആത്മഹത്യയിലൂടെ പിതാവ് മരിച്ചപ്പോൾ രണ്ടു പെൺകുട്ടികളെയും പ്രാണനായി വളർത്തിയ അമ്മ ശ്രീജ വിവരമറിഞ്ഞപ്പോൾ മുതൽ തളർന്നുകിടക്കുകയാണ്.