
തൃശൂർ: സ്കൂൾ തുറന്ന് രണ്ടാം ദിവസം നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് അപകടം നടന്നത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ്(10) പാമ്പ് കടിയേറ്റത്.
അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. സ്കൂൾ ബസിൽ നിന്ന് താഴെയിറങ്ങിയപ്പോഴാണ് കടിയേറ്റത്. വടക്കാഞ്ചേരിയിലെ മറ്റൊരു എൽ പി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടെ നിർമാണം നടക്കുന്നതിനാൽ ആനപ്പറമ്പ് സ്കൂളിലേയ്ക്ക് ക്ലാസുകൾ മാറ്റിയിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ പാമ്പിനെ അടിച്ചുകൊന്നു. പാറക്കെട്ടുകൾക്കിടയിൽ നിന്ന് പുറത്തിറങ്ങിയതാവുമെന്നാണ് നിഗമനം.