congress

ജയ്‌പൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. നിലവിൽ ഭൂരിഭാഗം എംഎൽഎമാരും ഉദയ്‌പൂരിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ക്യാമ്പിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കുതിര കച്ചവടത്തിനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് എംഎൽഎമാരെ ധൃതി പിടിച്ച് മാറ്റുന്നത്.

കോൺഗ്രസിലെ ചില അതൃപ്തരായ എംഎൽഎമാർ ക്രോസ് വോട്ടിംഗിൽ ഏ‍ർപ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാദ്ധ്യത ഇല്ലാതാകുമെന്നുമുള്ള ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. നാളെ ഛത്തീസ്‌ഗഢിലെ റിസോർട്ടിലേക്കായിരിക്കും ഇവരെ മാറ്റുക. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് ദിനമായ ജൂൺ 10നാകും ഇവർ മടങ്ങിയെത്തുക.

സംസ്ഥാനത്ത് കോൺഗ്രസിന് ജയിക്കാൻ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിർന്ന നേതാവ് അജയ് മാക്കന് നൽകിയതിൽ എം എൽ എ മാർക്ക് അതൃപ്തിയുണ്ട്. എസ്സെൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും കോൺഗ്രസിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യം മുതലെടുത്ത്​ സുഭാഷ് ചന്ദ്രയെ പിന്തുണച്ച് ബിജെപിയും രാജസ്ഥാനിൽ സജീവമത്സരം കാഴ്‌ച വയ്ക്കുന്നുണ്ട്.

അതേസമയം,​ ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഹാർദ്ദിക് പട്ടേൽ സ്വവസതിയിൽ ദുർഗാപൂജ നടത്തിയിരിക്കുകയാണ്. മോദിയുടെ സൈന്യത്തിൽ ചെറുസൈനികനായി രാജ്യത്തെ സേവിക്കുമെന്ന് അദ്ദേഹം നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുമായി മാസങ്ങൾ നീണ്ടുനിന്ന അസ്യാരസ്യങ്ങൾക്ക് ഒടുവിൽ രണ്ടാഴ്ച മുമ്പാണ് അദ്ദേഹം പാർട്ടി വിട്ടത്.