adhar-

ആധാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സുരക്ഷിതത്വത്തിന് വേണ്ടി അവസാന നാലക്കം ഒഴിച്ചുള്ള നമ്പർ മാസ്‌ക് ചെയ്ത കോപ്പികൾ മാത്രമേ പങ്കുവയ്ക്കാവു എന്ന് പൗരൻമാരോട് അധികൃതർ ആവശ്യപ്പെട്ടതും, തൊട്ടു പിന്നാലെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ നിർദ്ദേശം പിൻവലിച്ചതുമാണ് ആധാറിനെ വീണ്ടും വാർത്തകളിൽ താരമാക്കിയത്. ആധാർ എന്നാൽ പൗരന് അവകാശങ്ങൾ ലഭ്യമാക്കുന്ന ഒരു രേഖ എന്നതിലപ്പുറം സർക്കാരുകളെ സംബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ ലാഭം ഖജനാവിന് ഉണ്ടാക്കി നൽകുന്ന ഒരു അദ്ഭുതം കൂടിയാണെന്ന് എത്രപേർക്ക് അറിയാം.


സർക്കാർ ക്ഷേമ പദ്ധതികളുടെ അടിസ്ഥാന ശിലയായ ആധാർ പ്രചാരത്തിൽ വന്നതോടെ ഉദ്ദേശം രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലാഭിക്കാനായതെന്നാണ് നീതി ആയോഗ് വെളിപ്പെടുത്തുന്നത്. ഇന്ത്യൻ പൗരൻമാർക്ക് നൽകുന്ന ഈ പന്ത്രണ്ടക്ക കാർഡിലൂടെയാണ് രാജ്യത്തെ 315 കേന്ദ്ര പദ്ധതികളും 500 സംസ്ഥാന സ്‌കീമുകളും സേവനങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്യുന്നത്. ഈ വിതരണത്തിൽ മുൻപുണ്ടായിരുന്ന വ്യാജൻമാരെ തുടച്ച് നീക്കാൻ ആധാറിലൂടെ കഴിഞ്ഞതിലൂടെയാണ് സർക്കാരുകൾക്ക് കോടിക്കണക്കിന് രൂപ ലാഭിക്കാൻ കഴിഞ്ഞത്. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്താണ് ഈ വിവരം പുറത്ത് വിട്ടത്.

'ആധാർ ഉപയോഗം ലളിതമാക്കുന്നതിനുള്ള സമീപകാല സംരംഭങ്ങൾ' എന്ന ശിൽപശാലയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ആധാറിന്റെ ഗുണങ്ങളെ കുറിച്ച് വാചാലനായത്. 'സർക്കാർ ക്ഷേമപദ്ധതികളുടെ അടിസ്ഥാന ശിലയായി ആധാർ മാറിയിരിക്കുന്നു, ഇടപെടലുകളോ ഇടനിലക്കാരോ ഇല്ലാതെ വേഗത്തിലുള്ള ആനുകൂല്യ കൈമാറ്റം ഉറപ്പാക്കുകയും വലിയൊരു തുക ലാഭിക്കുകയും ചെയ്തു. ' അദ്ദേഹം വെളിപ്പെടുത്തി. ആധാർ ലോകത്തിലെ ഏറ്റവും വിജയകരമായ ബയോമെട്രിക് അധിഷ്ഠിത ഐഡന്റിറ്റി പ്രോഗ്രാമുകളിലൊന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലോകബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര ബഹുമുഖ ഏജൻകളും വിവിധ രാജ്യങ്ങളും ആധാറിനെ കുറിച്ച് പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.