amit-shah

ന്യൂഡൽഹി: പതിമൂന്ന് വർഷത്തിനുശേഷം തിയേറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ 'സാമ്രാട്ട് പൃഥിരാജ്' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാനാണ് അമിത് ഷായും കുടുംബവും എത്തിയത്.

ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ, ഇന്ത്യയുടെ സാംസ്കാരിക യുദ്ധങ്ങൾ ചിത്രീകരിച്ച സിനിമ ആസ്വദിക്കുക മാത്രമല്ല, ഇന്ത്യക്കാർക്ക് ചിത്രത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കുകയും ചെയ്തുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 'സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തെയാണ് സിനിമ ചിത്രീകരിച്ചത്. മദ്ധ്യകാലഘട്ടത്തിൽ സ്ത്രീകൾ ആസ്വദിച്ചിരുന്ന രാഷ്ട്രീയ അധികാരത്തെക്കുറിച്ചും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും വളരെ ശക്തമായ പ്രസ്താവന സിനിമ മുന്നോട്ട് വയ്ക്കുന്നു'- അമിത് ഷാ വ്യക്തമാക്കി.

#WATCH This film depicts Indian culture of respecting women & empowering women. A cultural awakening started in India in 2014, and it will again take India to the heights it was once at : Union Home Minister Amit Shah at a special screening of the film Samrat Prithviraj in Delhi pic.twitter.com/TmKZZDHYoa

— ANI (@ANI) June 1, 2022

പ്രദർശന പരിപാടിയുടെ അവസാനം രസകരമായ ഒരു സംഭവം നടന്നു. പ്രസംഗത്തിന് ശേഷം പുറത്തേക്ക് പോകുന്നതിനായി അമിത് ഷാ മുന്നോട്ട് നടന്നപ്പോൾ ഭാര്യ സോനൽ ഷാ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയോടെ നിന്നു. ഇത് കണ്ട് അമിത് ഷാ അരികിലെത്തി രാജാവും രാഞ്ജിയും അഭിസംബോധന ചെയ്യുന്നതിന് സമാനമായി 'ചലിയെ ഹുക്കും' ( കൽപ്പിക്കൂ രാജാവെ, വരൂ രാഞ്ജി എന്നിങ്ങനെ അർത്ഥമുള്ള) എന്ന് പറഞ്ഞത് സദസിൽ കയ്യടിയും പൊട്ടിച്ചിരിയും നിറച്ചു. അക്ഷയ് കുമാറും മുൻ ലോകസുന്ദരി മാനുഷി ചില്ലാറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്.