usha-kumari

അദ്ധ്യാപികയായി 24 കൊല്ലം ജോലി ചെയ്ത ആളിനെ തൂപ്പുകാരിയായി നിയമിച്ചതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്തുമല ഏകാദ്ധ്യാപക സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഉഷാകുമാരിയ്‌ക്കാണ് ഇങ്ങനെയൊരു ദുർവിധി നേരിടേണ്ടി വന്നത്.

ഇക്കാലമത്രയും ആദിവാസി കുഞ്ഞുങ്ങളെ കാടും മലയും കയറി പഠിപ്പിച്ച അദ്ധ്യാപികയാണ് അവർ. ഒരു സുപ്രഭാതത്തിൽ സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ചിരിക്കുകയാണ്. മികച്ച അദ്ധ്യാപികയ്ക്കുള്ള നിരവധി പുരസ്ക്കാരങ്ങൾ ഉൾപ്പെടെ നേടിയ അവരോട് സർക്കാർ കാണിച്ച കടുത്ത അപമാനമാണെന്നും മാദ്ധ്യമപ്രവർത്തകനായ വരുൺ രമേശ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പ് ഇങ്ങനെ...

ഇത് ചതിയാണ്,കൊടും ചതി!!

24 വർഷം അദ്ധ്യാപക ജോലി നോക്കിയ ഒരാൾ, ഇക്കാലമത്രയും ആദിവാസി കുഞ്ഞുങ്ങളെ കാടും മലയും കയറി പഠിപ്പിച്ച അധ്യാപിക,

ഒരു സുപ്രഭാതത്തിൽ സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ചു!!

ഗംഭീരം, അതി ഗംഭീരം.

എല്ലാം ശരിയാവുമെന്ന് വിചാരിച്ച കാത്തിരിപ്പിലായിരുന്നു ഇതുവരെയും. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കടുത്ത അപമാനമാണിത്. ഉഷാ കുമാരി ടീച്ചറുടെ മകളെ വിളീച്ചിരുന്നു ഇപ്പോൾ. ഇതറിഞ്ഞതുമുതൽ അവൾ കരച്ചിലിലാണ്.

"ടീച്ചർ പഠിപ്പിച്ച കുട്ടികളിൽ പലരും ടിടിസി കഴിഞ്ഞ് അധ്യാപകരായി ജോലിനോക്കുന്നുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ ആ കുട്ടികൾ ഇതേ സ്കൂളിൽ അവർ അധ്യാപകരായി വരുന്ന ഒരു സമയം. അവരെ പഠിപ്പിച്ച് വലുതാക്കിയ ടീച്ചർ തൂപ്പുകാരി!! “ സങ്കടം അടക്കാൻ ആവാതെ Reshma Mohan പറയുന്നു.

നിരന്തരം നടത്തിയ ചർച്ചകളിൽ ഇവരെ ഓഫീസ് അസിസ്റ്റന്റ് എങ്കിലും ആക്കാം എന്നായിരുന്നു നിലപാട്. മികച്ച അധ്യാപികയ്ക്കുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയ ടീച്ചറെയാണ് നമ്മുടെ സംവിധാനം വെറും ഒരു തൂപ്പുകാരിയായി സ്ഥിരപ്പെടുത്തിയത്!!

അതുകൊണ്ട് ടീച്ചർ ഇന്ന് അഗസ്ത്യമലയിലെ ഏകാദ്ധ്യാപക വിദ്യാലയവും പൂട്ടി പടിയിറങ്ങി.

കഷ്ടമാണ് സർക്കാറേ, ഇത് നീതിയല്ല, ചതിയാണ്, കൊടും ചതി!! '

ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. നിരവധി പേരാണ് ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഉഷാകുമാരി ടീച്ചറിന്റെ ഫേസ്ബുക്ക് പേജിലും പിന്തുണ നിറയുകയാണ്.

'കുന്നത്തുമലയിലെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയം സർക്കാർ എന്നേക്കുമായി അടച്ചുപൂട്ടി. ഇരുപതു വർഷത്തിലധികമായി കാടും പുഴയും വന്യമൃഗളെയും അതിജീവിച്ചെത്തി കുട്ടികളെ പഠിപ്പിച്ച ഉഷാകുമാരി ടീച്ചറിന് പ്രൊമോഷനും നൽകി; അദ്ധ്യാപികയിൽ നിന്നും തൂപ്പുകാരി തസ്തികയിലേക്ക്....ജീവിതത്തിന്റെ വസന്തകാലം മുഴുവനും ആദിവാസി കുട്ടികളെ പഠിപ്പിച്ച ടീച്ചറിന് ഇതിലും വലിയ ഗുരുദക്ഷിണ സർക്കാരിന് കൊടുക്കാനില്ല...' ജി കിഷോർ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത് പുഴയും കാടും താണ്ടിയാണ് രണ്ടര പതിറ്റാണ്ടോളം ഉഷാ കുമാരി സ്കൂളിലെത്തിയിരുന്നത്. ഇത്രയും വർഷത്തെ ഇവരുടെ സേവനം കണക്കിലെടുത്ത് അവരെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കണമെന്നാണ് ഏറെപ്പേരും പറയുന്നത്.