pak-train-

കറാച്ചി : പാകിസ്ഥാനിൽ ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ജീവനക്കാരെ അറസ്റ്റുചെയ്തു. മുള്താനിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വച്ചാണ് 25 കാരിയായ പാകിസ്ഥാൻ യുവതിയെ മൂന്ന് ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തത്. മേയ് 27ന് ബഹാവുദ്ദീൻ സക്കറിയ എക്സ്പ്രസിലാണ് സംഭവം. യുവതിയെ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് ബലാത്സംഗം ചെയ്തത്.

വിവാഹമോചിതയായ യുവതി തന്റെ രണ്ട് കുട്ടികളെ കാണാൻ പഞ്ചാബിലെ മുസാഫർഗഡ് ജില്ലയിൽ എത്തിയതായിരുന്നു. എന്നാൽ വീട്ടിൽ കയറാൻ ഇവരെ ഭർത്താവും ബന്ധുക്കളും അനുവദിച്ചില്ല. തുടർന്ന് യുവതി ട്രെയിനിൽ സ്വന്തം നാടായ കറാച്ചിയിലേക്ക് പോയി. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയ യുവതി എക്കണോമി ക്ലാസിൽ യാത്ര ചെയ്യവേ പരിശോധനയ്ക്ക് എത്തിയ ജീവനക്കാരൻ എയർ കണ്ടീഷൻഡ് കമ്പാർട്ടുമെന്റിൽ സീറ്റ് വാഗ്ദ്ധാനം ചെയ്തു. മറ്റൊരു കമ്പാർട്ടുമെന്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതി പിന്നീട് റെയിൽവേ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പ്രതികൾ പിടിയിലായത്. സാഹിദ്, സോഹൈബ് , അഖിബ് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ഈ ട്രെയിൻ സർവീസ് സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയിൽവേ പൊലീസുകാരെ ട്രെയിനിൽ വിന്യസിച്ചിട്ടില്ലെന്നത് സർക്കാരിന്റെ വീഴ്ചയായി. എന്നാൽ സുരക്ഷാ ഗാർഡുകളെ വിന്യസിക്കുന്നത് സ്വകാര്യ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് അധികൃതരുടെ വാദം. സ്വകാര്യ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ഇതിനാൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.