
ന്യൂഡൽഹി: മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാർട്ടി- ബിജെപി പോര് ശക്തമാകുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഈ നിലയ്ക്കാണെങ്കില്‍ എല്ലാവരെയും ഒരുമിച്ച് ജയിലിലടയ്ക്കണമെന്നും കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
'മനീഷ് സിസോദിയയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഞങ്ങളെ എല്ലാവരേയും ഒരുമിച്ച് അറസ്റ്റ് ചെയ്യുക. അന്വേഷണവും റെയ്ഡും നടത്തുക. അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലിയില്‍ പ്രവേശിക്കാം. ഇത്തരത്തിലുള്ള രാഷ്ട്രീയമൊന്നും ഞങ്ങള്‍ക്ക് അറിയില്ല. പ്രവര്‍ത്തിക്കാന്‍ മാത്രമേ അറിയുകയുള്ളൂ'- കെജ്‌രിവാള്‍ പറഞ്ഞു.
'വിദ്യാഭ്യാസരംഗത്ത് മനീഷ് സിസോദിയയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം പ്രയോജനം ലഭിക്കുന്ന 18 ലക്ഷം കുട്ടികളോട് ഞാൻ ചോദിക്കുകയാണ്. മനീഷ് സിസോദിയ അഴിമതിക്കാരനാണോ? ലോകത്തിനുമുമ്പില്‍ രാജ്യത്തിന് നന്മ ചെയ്യുന്ന ഒരാളെ അറസ്റ്റ് ചെയ്യണോ അതോ അദ്ദേഹത്തിന് ബഹുമതി നല്‍കണോ?' - കെജ്‌രിവാള്‍ ചോദിച്ചു.