mother

അമേരിക്കയിലെ യൂട്ടായിലെ ഇരുപതുകാരന് അപ്രതീക്ഷിതമായിരുന്നു ആ ജന്മദിന സന്ദേശം. ഏറെ നാളായി തന്റെ പെറ്റമ്മയെ തേടി നടന്ന ബെഞ്ചമിൻ ഹൾബെർഗിന് അമ്മയെ തിരിച്ചു കിട്ടിയ ആ നിമിഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കുട്ടിക്കാലം മുതൽക്കേ താൻ ദത്തെടുക്കപ്പെട്ടതാണെന്ന് തന്റെ വളർത്ത് മാതാപിതാക്കളായ ഏഞ്ചലയിൽ നിന്നും ബ്രയാൻ ഹല്ലെബർഗിൽ നിന്നും ബെഞ്ചമിൻ മനസിലാക്കിയിരുന്നു. ഓർമ്മ വച്ച നാൾ മുതൽ അതിനാൽ തന്റെ പെറ്റമ്മയെ കണ്ടെത്തണമെന്ന് അതിയായി ബെഞ്ചമിൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. 20 വർഷം മുമ്പ് ബെഞ്ചമിനെ ദത്തെടുക്കാൻ വിട്ടുകൊടുത്ത അവന്റെ മാതാവും മകനെ കുറിച്ച് ഓർത്താണ് ഇത്രയും നാൾ ജീവിച്ചത്.

കുഞ്ഞിനെ ദത്ത് നൽകിയ ശേഷവും വർഷങ്ങളോളം അവനെ കുറിച്ച് ഏഞ്ചലയിൽ നിന്നും ബ്രയാൻ ഹല്ലെബർഗിൽ നിന്നും ഹോളി ഷിയറർ വിവരങ്ങൾ അറിഞ്ഞിരുന്നു. എന്നാൽ ദത്തെടുക്കൽ ഏർപ്പെടുത്തിയ സ്ഥാപനം പൂട്ടിയതോടെയാണ് മകനെ കുറിച്ചുള്ള വിവരങ്ങൾ ഹോളിക്ക് ലഭിക്കാതായത്. അതേസമയം ബെഞ്ചമിൻ മാതാവിനെ വിവിധ മാർഗങ്ങളിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടർന്നു. പലതവണ തന്റെ വളർത്ത് മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിക്കുകയും, കത്തുകൾ എഴുതി, ഒരു ദത്തെടുക്കൽ രജിസ്ട്രിയിൽ പരിശോധന നടത്തുകയും ഒക്കെ ചെയ്തു. എന്നാൽ മാതാവിനെ കണ്ടെത്താൻ ബെഞ്ചമിന് നീണ്ട 20 വർഷം കാത്തിരിക്കേണ്ടി വന്നു. എന്നാൽ ഹോളിക്ക് മകനെ ഇതിനും രണ്ട് വർഷം മുൻപ് തന്നെ കണ്ടെത്താൻ കഴിഞ്ഞു.

മകനെ ഫേസ്ബുക്കിലൂടെയാണ് ഹോളി കണ്ടെത്തിയത്. എന്നാൽ അവന് മുന്നിലെത്താൻ അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. കുറ്റബോധത്താലും, മകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മടിച്ച് അവർ ദൂരെ നിന്നും മകനെ കണ്ട് കഴിയാൻ തീരുമാനിച്ചു. എന്നാൽ അവന്റെ ഇരുപതാം ജന്മദിനത്തിൽ ഒരു സന്ദേശം അയക്കുകയും ബെഞ്ചമിന് അമ്മയെ തിരിച്ചറിയാൻ അത് സഹായിക്കുകയുമായിരുന്നു. ബെഞ്ചമിന് അമ്മയുടെ സന്ദേശം ലഭിച്ചപ്പോൾ മറ്റൊരു അദ്ഭുതം കൂടി സംഭവിച്ചു. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിലായിരുന്നു എന്നതായിരുന്നു അത്. സാൾട്ട് ലേക്ക് സിറ്റിയിലെ സെന്റ് മാർക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഇരുവരുടേയും സീറ്റുകൾ തമ്മിൽ ഏതാനും മീറ്ററുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.