ആര്‍ത്തി പണ്ടാരങ്ങളെ മേയാന്‍ നമ്മുടെ കേരളീയരുടെ മേച്ചില്‍ പുറങ്ങള്‍ അനുവദിക്കണോ ? പറഞ്ഞു വരുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ചില സുപ്രധാന കാര്യങ്ങളെ പറ്റിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് ഒരു പൊതു ചടങ്ങില്‍ പ്രസംഗിക്കവേ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഒരുകൂട്ടം ആര്‍ത്തി പണ്ടാരങ്ങളെ കുറിച്ച് പറയുക ഉണ്ടായി.

pinarayi-vijayan

ജീവിക്കാന്‍ മതിയായ വേതനവും മറ്റ് ആനുകൂല്യങ്ങളും മുറ തെറ്റാതെ ലഭിച്ചിട്ടും സേവനങ്ങള്‍ക്ക് ആയി സമീപിക്കുന്നവരുടെ മുന്നില്‍ കൈ നീട്ടുന്ന ഇത്തരക്കാരെ എത്തേണ്ടിടത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ മടിക്കുക ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ സര്‍വീസിലെ ഇത്തരം പുഴു കുത്തുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമല്ല ഉള്ളത്. സര്‍ക്കാര്‍ സര്‍വീസിലെ സമസ്ത മേഖലകളിലും ഉണ്ട്. ജനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അതിന്റെ കയ്പ് അനുഭവിച്ചിട്ടും ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളുടെ സംസ്ഥാന തല കൂട്ടായ്മയും പഠനോത്സവവും ഉദ്ഘാടനം ചെയ്ത ചടങ്ങായതു കൊണ്ടാവാം പ്രസ്തുത സ്ഥാപനങ്ങളില്‍ നടമാടുന്ന അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്.