
കോഴിക്കോട്: കുതിരവട്ടം സർക്കാർ മാനസിക ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസിയുടെ മരണവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി ഡോക്ടർമാർ. സൂപ്രണ്ടിനെ ബലിയാടാക്കിയെന്ന് കെജിഎംഒഎ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ ഒ പി ബഹിഷ്കരിച്ച് സമരം ചെയ്യുെന്ന് ഡോക്ടർമാർ അറിയിച്ചു.
'സർക്കാർ ഈ പ്രശ്നത്തിൽ നിന്ന് കൈകഴുകാനാണ് ശ്രമിക്കുന്നത്. വീഴ്ചയുണ്ടായത് പൊലീസിനും സർക്കാരിനുമാണ്. നടപടി പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തും. സസ്പെന്റ് ചെയ്ത രമേശന്റെ ഔദ്യോഗിക കാലാവധി അടുത്ത മാസത്തോടെ കഴിയും. വിരമിക്കൽ തീയതി അടുത്തിരിക്കെയാണ് കൃത്യമായി കാര്യങ്ങൾ പരിശോധിക്കാതെ നടപടിയെടുത്തിരിക്കുന്നത്. ആശുപത്രിയിൽ ഒരു പ്രതി ഉണ്ടാകുമ്പോൾ പൊലീസും ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു'- കെജിഎംഒഎ ആരോപിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സൂപ്രണ്ടിനെതിരെയുള്ള നടപടി. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്താന്‍ തീരുമാനിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചത്. റിമാന്‍ഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കോട്ടക്കലില്‍ വാഹനാപകടത്തില്‍ മരിച്ചത്. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ഇര്‍ഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മൂന്നാം വാര്‍ഡിലെ സെല്ലിലുണ്ടായിരുന്ന ഇര്‍ഫാന്‍ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് പുറത്തുകടന്നത്.