
കീവ് : റഷ്യ യുക്രെയിൻ യുദ്ധം നൂറാം ദിനത്തിലെത്തുമ്പോൾ യുക്രെയിൻ സൈന്യം ഇലക്ട്രിക് ബൈക്കുകളിലാണ് യുദ്ധത്തിനിറങ്ങുന്നത്. റഷ്യയ്‌ക്കെതിരെ പുതു തലമുറ ലൈറ്റ് ആന്റി ടാങ്ക് ആയുധങ്ങൾ ഇലക്ട്രിക് ബൈക്കുകളിൽ കൊണ്ടു പോയി ശത്രുവിന് നേരെ പ്രയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്. ആയുധങ്ങളിൽ മിസൈൽ ലോഞ്ചർ വരെയുണ്ട്. റഷ്യൻ ടാങ്കുകളുടെ പേടി സ്വപ്നമാണ് ഈ മിസൈലുകൾ. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇലക്ട്രിക് ബൈക്കുകളെ യുക്രെയിൻ സൈനികർ ഉപയോഗിച്ചിരുന്നു. നിശ്ശബ്ദവും വേഗതയേറിയ ആക്സിലറേഷനുമാണ് ഇലക്ട്രിക് ബൈക്കുകളിൽ ഇവർ കാണുന്ന മേൻമ. ശത്രുവിന്റെ കണ്ണിൽപ്പെടാതെ യുദ്ധമേഖലയിൽ പട്രോളിംഗ് നടത്താനും ഏറെ അനുയോജ്യമാണ്.
യുക്രെയിൻ സൈനികർ ഉപയോഗിക്കുന്ന ഇബൈക്കുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബൈക്കുകൾക്ക് പിന്നിൽ മിസൈൽ ലോഞ്ചറും ഉണ്ട്. ഡെൽഫാസ്റ്റ് ഇലക്ട്രിക് ബൈക്കുകളാണ് ഇവർ ഉപയോഗിക്കുന്നത്. എന്നാൽ യുക്രെയിന് തങ്ങളുടെ ബൈക്കുകൾ വിറ്റതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡെൽഫാസ്റ്റിന്റെ സിഇഒ യുക്രെയിൻ പൗരനായ ഡാനിയൽ ടോങ്കോപിയാണ്. എന്നാൽ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ ഇലക്ട്രിക് ബൈക്കുകൾ കൈമാറിയെന്ന് ഇവർ സമ്മതിക്കുന്നുണ്ട്. ചില കാര്യങ്ങൾ ഞങ്ങൾ നിശബ്ദമായി ചെയ്യുന്നുണ്ട്, അവർ ഇപ്പോൾ നമ്മുടെ ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിച്ച് റഷ്യൻ സൈന്യത്തെ ഭയപ്പെടുത്തുകയാണെന്നും കമ്പനി പിന്നാലെ വ്യക്തമാക്കി.