നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നിർമാതാവ് ലിബർട്ടി ബഷീർ. ദിലീപ് നായകനായി ഒരു സിനിമ നിർമിക്കാൻ പൾസർ സുനിക്ക് ചാൻസ് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. അക്രമത്തിന് ഇരയായ നടിയുടെ വിവാഹം മുടക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ലിബർട്ടി ബഷീർ കൗമുദി ടീവിയോട് വ്യക്തമാക്കി.
'പൾസർ സുനി ഇടയ്ക്ക് തന്ത്രം മാറ്റിയതാണ് ദിലീപിനെ കുടുക്കിയത്. ഈ കേസ് തേച്ചു മായ്ച്ചു കളയാൻ ഉന്നത തലത്തിൽ ശ്രമമുണ്ടായി. ദിലീപ് - കാവ്യ ബന്ധം മീശ മാധവൻ ചിത്രത്തിന്റെ സെറ്റിൽ വച്ചു തുടങ്ങിയതാണ്. 14 വർഷത്തോളം മഞ്ജു എല്ലാം സഹിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ദിലീപ് ശ്രമിക്കുമെന്ന് തോന്നുന്നില്ല. ബാലചന്ദ്ര കുമാർ പറയുന്നതിൽ 20 ശതമാനം മാത്രമേ സത്യമുള്ളൂ.
കാവ്യയുമായുള്ള ബന്ധം മഞ്ജു അറിയുന്നുണ്ടെന്ന കാര്യം ദിലീപിന് മനസിലായില്ല. മീശമാധവൻ മുതലേ അവർക്കിടയിൽ ബന്ധമുണ്ട്. അവളുടെ കല്യാണത്തിന് എല്ലാവരുമുണ്ട്. മഞ്ജു, സംയുക്ത എല്ലാവരും വന്നു.
ഞാൻ അന്ന് അവരുടെ മുന്നിൽ നിന്ന് ഓപ്പണായിട്ട് പറഞ്ഞതാണ് മഞ്ജു രക്ഷപ്പെട്ടല്ലോ എന്ന്. ഈ കല്യാണത്തോടു കൂടി മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്ന്. എല്ലാരും അന്ന് ചിരിച്ചിട്ട് അങ്ങുമാറി. അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ വിഷയം തുടങ്ങി. മഞ്ജു ഉള്ളപ്പോൾ തന്നെ ദിലീപ് കാവ്യയുമായി പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ പോകുമായിരുന്നു.' ലിബർട്ടി ബഷീർ പറഞ്ഞു.
