
ലക്‌നൗ: ജൂൺ മൂന്നിന് റിലീസ് ചെയ്യുന്ന അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പൃഥിരാജിന് നികുതി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും യോഗി അഭിനന്ദിച്ചു.
നേരത്തെ ഡൽഹിയിൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രത്യേക പ്രദർശനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കുടുംബവും പങ്കെടുത്തിരുന്നു. ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ, ഇന്ത്യയുടെ സാംസ്കാരിക യുദ്ധങ്ങൾ ചിത്രീകരിച്ച സിനിമ ആസ്വദിക്കുക മാത്രമല്ല, ഇന്ത്യക്കാർക്ക് ചിത്രത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കുകയും ചെയ്തുവെന്ന് കേന്ദ്രമന്ത്രി ചടങ്ങിൽ പറഞ്ഞു. 'സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തെയാണ് സിനിമ ചിത്രീകരിച്ചത്. മദ്ധ്യകാലഘട്ടത്തിൽ സ്ത്രീകൾ ആസ്വദിച്ചിരുന്ന രാഷ്ട്രീയ അധികാരത്തെക്കുറിച്ചും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും വളരെ ശക്തമായ പ്രസ്താവന സിനിമ മുന്നോട്ട് വയ്ക്കുന്നു'- അമിത് ഷാ വ്യക്തമാക്കി.
മുൻപ് ചിത്രത്തോടനുബന്ധിച്ച് അക്ഷയ് കുമാർ നടത്തിയ പരാമർശം വിവാദത്തിന് കാരണമായിരുന്നു. ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളിൽ കൂടുതലും അധിനിവേശക്കാരായ ഭരണാധികാരികളെക്കുറിച്ചാണ് പറയുന്നതെന്നും ഇന്ത്യയിലെ രാജാക്കൻമാരെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നുമാണ് നടൻ പറഞ്ഞത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയായിരുന്നു പരാമർശം.