കൊവിഡ് കാലത്ത് രാജസ്ഥാനിൽ നടന്ന ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് പങ്കുവയ്‌ക്കുകയാണ് കുറ്റവും ശിക്ഷയും സിനിമയിലെ താരങ്ങൾ. ആഹാരം കിട്ടാതെ ബുദ്ധിമുട്ടിയതും ഒടുവിൽ ഒരു മലയാളിയെ പാചകത്തിനായി കൊണ്ടുവന്നതും പിന്നീടുണ്ടായ രസകരമായ സംഭവങ്ങളും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. സിബി മാത്യൂസ്, അലൻസിയർ, സെന്തിൽകൃഷ്‌ണ എന്നിവരാണ് വിശേഷങ്ങൾ പങ്കിടാനെത്തിയത്.
സിബി മാത്യൂസ്: ഭക്ഷണ കാര്യത്തിലാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്. നോർത്തിന്ത്യൻ ഫുഡ് സ്ഥിരമായപ്പോൾ അലൻസിയറേട്ടൻ ആദ്യം വിമുഖത കാണിച്ചു. ഞാൻ കാണിച്ചില്ലെങ്കിലും എന്റെ വയർ കാണിക്കാൻ തുടങ്ങി. പിന്നെ വാഷ് റൂമിൽ നിന്നും ഇറങ്ങാതെ ആയതോടെ നോർത്തിന്ത്യൻ ഫുഡ് മതിയാക്കാമെന്ന് തീരുമാനമായി.
പൊലീസിൽ ആയിരുന്നപ്പോൾ അന്വേഷണത്തിന് പോയപ്പോഴും ഇതേ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് പിന്നെ ആറേഴ് ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഇത് കുറേ ദിവസം ആയപ്പോ ശരീരം പ്രതികരിച്ചു തുടങ്ങി. ഇതിന്റെ രസം എന്താന്നു വച്ചാൽ കൊട്ടും കുരവയുമൊക്കെയായിട്ട് പുതിയൊരാളെ നാട്ടിൽ നിന്നും കൊണ്ടു വന്നു. അരിയും ഉണക്കമീനുമൊക്കെയായിട്ടാണ് വരുന്നത്.
അലൻസിയർ : ഞാൻ പിറ്റേ ദിവസം മെസിൽ ചെന്നപ്പോൾ പുള്ളി ക്ലാസ് എടുക്കുകയാണ്. മലയാളിയാണല്ലോ കക്ഷി. അപ്പോ അഹങ്കാരവും ഉണ്ടാകുമല്ലോ. പുള്ളി അവിടത്തെ പാവങ്ങൾക്കാണ് ക്ലാസെടുക്കുകയാണ്. അത് ഇങ്ങോട്ടേക്ക് വയ്ക്കൂ, ഇത് അങ്ങനെ ചെയ്യൂ, മറിച്ചിടൂ, തിരിച്ചീടു. കക്ഷി ഇരിക്കുന്ന സീറ്റിൽ നിന്നും അനങ്ങുന്നേയില്ല.
പിറ്റേ ദിവസം മുതൽ ചോറും കറിയുമെല്ലാം കിട്ടി.എല്ലാവർക്കും സന്തോഷവുമായി. പക്ഷേ പിറ്റേ ദിവസം എല്ലാവരും ടോയ്‌ലെറ്റിലുമായി. അതിനറെ പിറ്റേദിവസം നമ്മളെല്ലാവരും നോർത്തിന്ത്യൻ മതിയെന്ന് തീരുമാനിച്ചു.
