m-v-shreyams-kumar

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും (എൽജെഡി) ജനതാദൾ എസും (ജെഡിഎസ്) ലയിക്കുന്നു. എൽജെഡി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ലയനത്തിന് അനുകൂലമായ തീരുമാനം ജെ ഡി എസ് മുൻപ് തന്നെ അറിയിച്ചിരുന്നു.

ലയനത്തിന് ശേഷം ഇരുപാർട്ടികളും ജെ ഡി എസ് എന്ന ഒറ്റപ്പാർട്ടിയായി മാറും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് എൽജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ പറഞ്ഞു. സ്ഥാനമാനങ്ങൾ ലയനത്തിന് തടസമാകില്ല. ഭാരവാഹിത്വം ഉൾപ്പടെ ഇരുപാർട്ടികളും ചർച്ചചെയ്ത് തീരുമാനിക്കും. ജനാധിപത്യ രീതിയിലുളള ചർച്ചകൾക്ക് ശേഷമാണ് ലയനതീരുമാനത്തിൽ എത്തിയതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി.

സോഷ്യലിസ്റ്റ് പാർട്ടികളുമായുള്ള ലയനം സംബന്ധിച്ച് എൽജെഡി നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് എൽജെഡി – ജെഡിഎസ് ലയനം. ലയനസമ്മേളനം വൈകാതെയുണ്ടാകും.