modi-sonia

ന്യൂ‌‌ഡൽഹി: കൊവിഡ് ബാധ സ്ഥിരീകരിച്ച കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19ൽ നിന്ന് സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

Wishing Congress President Smt. Sonia Gandhi Ji a speedy recovery from COVID-19.

— Narendra Modi (@narendramodi) June 2, 2022

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. നാഷണൽ ഹെറാൾ‌ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ എട്ടിനായിരുന്നു സോണിയയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല അറിയിച്ചു. സോണിയാ ഗാന്ധിയ്ക്ക് ചെറിയ പനിയും കൊവിഡ് ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അതിനാൽ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണെന്നും വൈദ്യപരിശോധന ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേസിൽ,​ രാഹുൽ ഗാന്ധിയോട് ജൂൺ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്(എ ജെ എല്‍)ആണ് നാഷണല്‍ ഹെറാള്‍ഡിന്റെ പബ്‌ളിഷര്‍മാര്‍. എ ജെ എല്ലിനെ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്. അതേസമയം, പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീര്‍ക്കുന്നതിന് കടം, ഓഹരികളാക്കി മാറ്റുക മാത്രമാണുണ്ടായതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെയും സോണിയയുടെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങിയവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.