kk

മുംബയ് : കുഴഞ്ഞുവീണ ഉടൻ പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിൽ ഗായകൻ കെകെയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറാണ് ഇക്കാര്യം പറഞ്ഞത്. കെ.കെയ്ക്ക് ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന് കൃത്യമായ ചികിത്സ തേടിയിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.

ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വലി.യ ബ്ലോക്കും വിവിധ ധമനികളിലും ഉപ ധമനികളിലും ചെറിയ ബ്ലോക്കുകൾ ഉണ്ടായിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി. ലൈവ് ഷോയ്‌ക്കിടെയുള്ള അമിതമായ ആവേശം രക്തയോട്ടം നിലയ്ക്കാൻ ഇടയാക്കിയതായും ഇത് ഹൃദയാഘാതത്തിന് കാരണമായതായും ഡോക്ടർ പറഞ്ഞു. ബോധം നഷ്ടപ്പെട്ട ഉടനെ തന്നെ സി.പി.ആർ നൽകിയിരുന്നുവെങ്കിൽ കെ.കയുടെ ജീവൻ തിരിച്ചുകിട്ടുമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. ഒന്നരമണിക്കൂർ നീണ്ട പോസ്റ്റ്‌മോർട്ടം നടപടികൾ വീഡിയോ രൂപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വാഭാവികതകള്‍ ഒന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൂന്ന് മണിക്കൂര്‍ നീണ്ട പരിപാടി കാരണമുണ്ടായ ഹൃദയാഘാതം തന്നെയാണ് മരണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു മലയാളിയായ ബോളിവുഡ് ഗായകൻ കെ.കെയുടെ അപ്രതീക്ഷിത വിയോഗം. കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കു ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ കെ.കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.