
ന്യൂഡൽഹി: വേണ്ടത്ര പരിശീലനം ലഭിക്കാത്ത പൈലറ്റിനെക്കൊണ്ട് വിമാനം ലാൻഡ് ചെയ്യിപ്പിച്ചതിന് വിസ്താരയ്ക്ക് പത്തുലക്ഷം രൂപ പിഴയിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഫ്ളൈറ്റ് സിമുലേറ്ററിൽ പരിശീലനം ലഭിച്ചവർക്കാണ് വിമാനം ലാൻഡ് ചെയ്യിക്കാൻ യോഗ്യത.
ഇതുലംഘിച്ച് കഴിഞ്ഞ ആഗസ്‌റ്റിൽ വിസ്‌താര ഇൻഡോർ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തു. വിമാനത്തിന്റെ ക്യാപ്‌റ്റനും ഫസ്‌റ്റ് ഓഫീസറും (സഹപൈലറ്റ്) സിമുലേറ്റർ പരിശീലനം നേടിയിട്ടില്ലാത്തവരായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാകുംവിധമുള്ള ഗുരുതര ചട്ടലംഘനമാണിതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.
അതേസമയം, സഹപൈലറ്റിന് നേരത്തേ ജോലി ചെയ്‌ത സ്ഥാപനത്തിൽ സിമുലേറ്റർ പരിശീലനം ലഭിച്ചിരുന്നതായും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രാമുഖ്യം നൽകുന്നതെന്നും വിസ്താര വ്യക്തമാക്കി.