
ന്യൂഡൽഹി: മൻമോഹൻ സിംഗിനെയും സോണിയാ ഗാന്ധിയെയും ഇടയ്ക്ക് കാണാറുണ്ടെങ്കിലും രാഹുൽ ഗാന്ധിയെ നേരിൽ കണ്ടിട്ട് നാലുവർഷത്തോളമായെന്ന് പ്രമുഖ കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പ്രിഥ്വിരാജ് ചവാൻ. കോൺഗ്രസ് നേതൃത്വത്തിലുള്ളവരെ പഴയതു പോലെ സമീപിക്കാൻ കഴിയാറില്ലെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പ്രിഥ്വിരാജ് ചവാന്റെ പുതിയ വെളിപ്പെടുത്തൽ. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വത്തിനെതിരെയുള്ള വിമത നേതാക്കളുടെ കൂട്ടായ്മയായ ജി-23ലെ അംഗമാണ് പ്രിഥ്വിരാജ് ചവാൻ. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ചവാന്റെ പ്രതികരണം.
ഡൽഹിയിൽ ആയിരിക്കുമ്പോഴെല്ലാം താൻ ഇടയ്ക്കിടെ മൻമോഹൻ സിങ്ങിനെ കാണാറുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം പഴയതുപോലെയല്ലെന്നും ചവാൻ പറഞ്ഞു. മൻമോഹൻ സിംഗ് ഇപ്പോഴും സംസാരിക്കാൻ തയ്യാറാണെന്നും സമയം തേടിയപ്പോഴെല്ലാം സോണിയാ ഗാന്ധിയും തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ സമയം കണ്ടെത്തിയിട്ടുണ്ടെന്നും ചവാൻ വ്യക്തമാക്കി. എന്നാൽ കുറേക്കാലമായി രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചിട്ടില്ലെന്നും ചവാൻ കൂട്ടിച്ചേർത്തു. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിൽ പോലും മുമ്പ് നടന്ന കാര്യങ്ങളെ കുറിച്ച് കേൾക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും ഭാവിയിലേക്ക് വേണ്ട കാര്യങ്ങൾ മാത്രമാണ് അവിടെ ചർച്ചയ്ക്ക് വിധേയമായതെന്നും ചവാൻ പറഞ്ഞു.
ആത്മപരിശോധന നടത്താൻ ആവശ്യപ്പെട്ടത് ആരുടെമേലും ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാനോ ആരെയും ക്രൂശിൽ തറയ്ക്കാനോ ആയിരുന്നില്ല, മറിച്ച് മുമ്പ് സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്ന് ചവാൻ സൂചിപ്പിച്ചു. അസം, കേരള നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പാർട്ടിയുടെ പ്രകടനത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നെന്നും എന്നാൽ ആ കമ്മിറ്റിയുടെ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.