amit-sha

ന്യൂഡൽഹി: ഹിന്ദുക്കൾക്ക് നേരേയുള്ള ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. കൂടാതെ റോ മേധാവി സാമന്ത് ഗോയൽ, ജമ്മു കാശ്മീർ ലഫ്ടനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുമായി അമിത് ഷാ നാളെ കൂടിക്കാഴ്ച നടത്തും.

അടുത്തിടെയായി കാശ്മീരിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികെയാണ്. മേയ് ഒന്ന് മുതൽ ഇങ്ങോട്ട് മൂന്ന് പൊലീസുകാരുൾപ്പെടെ എട്ട് പേരാണ് താഴ്‌വരയിൽ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടത്. ഇന്ന് കുൽഗാമിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ ഭീകരന്റെ വെടിയേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഹിന്ദു അദ്ധ്യാപികയും കഴിഞ്ഞ മാസം ഒരു സർക്കാർ ഉദ്യോഗസ്ഥനും സമാന രീതിയിൽ തങ്ങളുടെ ജോലി സ്ഥലങ്ങളിൽ വച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.

കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ഭയപ്പെടുത്താനും അട്ടിമറിക്കാനുമുള്ള പാകിസ്ഥാൻ ഗൂഢാലോചനയാണ് താഴ്‌വരയിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളെന്ന് ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു.

നിരന്തരമായി ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തങ്ങൾ കൂട്ടമായി താഴ്‌വര വിട്ടുപോകുമെന്ന് ഇന്നലെ കാശ്മീരി പണ്ഡിറ്റുകൾ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ സമുദായ അംഗങ്ങളെ പൊലീസ് അവരുടെ ക്യാമ്പുകളിൽ തടഞ്ഞുവച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.